ദോഹ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 961 പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലും പ്രതിദിനം കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്ന ആളുകൾക്കെതിരെയാണ് കൂടുതൽ കേസുകളും പോലീസ് രജിസ്‌റ്റർ ചെയ്‌തത്. 510 പേരാണ് മാസ്‌ക് ധരിക്കാത്തതിന് രാജ്യത്ത് പിടിയിലായത്.
നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പാർക്കുകളിലും മറ്റും ഒത്തുകൂടിയതിന് 180 പേർക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 260 പേർക്കെതിരെയും പോലീസ് നടപടി സ്വീകരിച്ചു. കൂടാതെ മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 9 പേരും, ഹോം ക്വാറന്റെയ്ൻ ലംഘിച്ചതിന് ഒരാളും, കാറില്‍ അനുവദനീയമായതിലും കൂടുതല്‍ പേരെ കയറ്റി യാത്ര ചെയ്‌തതിന് ഒരാളും പിടിയിലായി. അറസ്‌റ്റ് ചെയ്‌ത ആളുകളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
രാജ്യത്ത് നിലവിൽ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്നത് നിർബന്ധമാണ്. കൂടാതെ പൊതു സ്‌ഥലങ്ങളിൽ ഒത്തുകൂടുന്നതിനും, വാഹനങ്ങളിൽ അനുവദനീയമായതിലും കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ 1990ലെ 17ആം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
Read also : സ്‌കൂൾ ബസ് ഇനി ഓക്‌സിജൻ കിടക്കകളുള്ള ‘ആശുപത്രി’






































