സകോളർഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധി വേദനാജനകം; കാന്തപുരം

By Desk Reporter, Malabar News
Muslims do not gain anything undeservedly; Kerala Muslim Jamaath
Muslims do not gain anything undeservedly; Kerala Muslim Jamaath
Ajwa Travels

കോഴിക്കോട്: കേരളത്തിലെ മുസ്‌ലിം സമുദായത്തെ സംബന്ധിച്ച് വേദനാജനകവും നിരാശ ഉളവാക്കുന്നതുമാണ് സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന പ്രസിഡണ്ട് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

വിദ്യാഭ്യാസ തൊഴില്‍ പ്രാതിനിധ്യ രംഗത്തെ മുസ്‌ലിം പിന്നോക്കാവസ്‌ഥ ഇന്ന് വാദിച്ചുറപ്പിക്കേണ്ട ഒരു വിഷയമല്ല. കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്ന യാഥാര്‍ഥ്യമാണ്. ചരിത്രപരവും അല്ലാത്തതുമായ പല കാരണങ്ങളാലാണ് മുസ്‌ലിം സമൂഹം ഈ രംഗങ്ങളില്‍ പിന്നോക്കമായത്. സച്ചാര്‍ സമിതി റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ ഈ പിന്നോക്കാവസ്‌ഥയുടെ നടുക്കുന്ന ആഴം വെളിവാക്കിയിരുന്നു.

ഉദ്യോഗസ്‌ഥ പ്രാതിനിധ്യത്തില്‍ ഭീമമായ കുറവാണ് മുസ്‌ലിം സമുദായത്തിന് ഉള്ളത്. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്‌ഥയാണ് അതിന്റെ പ്രധാന കാരണം. ആ അവസ്‌ഥക്കുള്ള പലവിധ പരിഹാരങ്ങളില്‍ ഒന്നാണ് സ്‌കോളര്‍ഷിപ്പുകള്‍. മുസ്‌ലിം ജനതയുടെ പുരോഗതിക്കും അവസര സമത്വത്തിനും അത് അത്യാവശ്യവുമാണ്. അക്കാര്യം പരിഗണിച്ചാണ് സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയതും. മിക്ക ന്യൂനപക്ഷങ്ങളും പിന്നോക്കാവസ്‌ഥയിലാണ് എന്നതില്‍ തർക്കമില്ല. അതിന് സര്‍ക്കാര്‍ സഹായങ്ങളും പദ്ധതികളും ആവിഷ്‌കരിക്കണം.

എന്നാല്‍, ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയ സ്‌കോളര്‍ഷിപ്പിന്റെ ഉന്നം വിവിധ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തിയ മുസ്‌ലിം വിദ്യാഭ്യാസ പിന്നോക്കാവസ്‌ഥ പരിഹരിക്കലാണ്. ആയതിനാല്‍ പലതരം പ്രതിസന്ധികള്‍ നേരിടുന്ന ഈ സമുദായത്തിന്റെ അതിജീവനത്തിനുള്ള പിടിവള്ളികളില്‍ ഒന്നായ സ്‌കോളര്‍ഷിപ്പിനെ സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞ് റദ്ദാക്കിക്കൂട. സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വേണ്ട രീതിയില്‍ പഠിക്കുകയും മുസ്‌ലിം സമുദായ ക്ഷേമത്തിനുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണം.

former Chief Justice of Delhi High Court Rajinder Sachar
സച്ചാർകമ്മിറ്റി അധ്യക്ഷൻ ജസ്‌റ്റിസ്‌ രജീന്ദർ സച്ചാർ

കോടതി മുന്‍പാകെ മുസ്‌ലിം പിന്നോക്കാവസ്‌ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നയതീരുമാനമായി ഇക്കാര്യം വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എങ്കില്‍ ആ വീഴ്‌ച പരിഹരിക്കാനും തിരുത്താനുമുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തേടണം. അപ്പീല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണം. ഇക്കാര്യത്തില്‍ ഉയരുന്ന തര്‍ക്കങ്ങളിലും ചേരിതിരിഞ്ഞുള്ള വാദപ്രതിവാദങ്ങളിലും മുസ്‌ലിം സമൂഹത്തിന് ആശങ്കയുണ്ട്. ചേരിതിരിവ് ഉണ്ടാകേണ്ട ഒരു സാഹചര്യവും ഇല്ല. കാരണം അര്‍ഹതപ്പെട്ട അവകാശത്തിന്ന് വേണ്ടിയുള്ള സമുദായത്തിന്റെ അപേക്ഷയാണിത്.

അതോടൊപ്പം ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ കക്ഷികളുടെ ശ്രമങ്ങള്‍ നിരുല്‍സാഹപ്പെടുത്തണം. ക്രിസ്‌ത്യൻ-മുസ്‌ലിം പ്രശ്‌നമായി ഇതിനെ മാറ്റുകയും ഞങ്ങളുടെ സഹോദരങ്ങളായ ക്രിസ്‌തുമത വിശ്വസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്‌ടിക്കുകയും ചെയ്യാനുള്ള നീക്കങ്ങളെ ചെറുക്കണം. സാമൂഹിക യാഥാര്‍ഥ്യം തുറന്നുകാട്ടി, വിദ്യാഭ്യാസ പിന്നോക്കാവസ്‌ഥ കണക്കുകള്‍ സഹിതം നിരത്തി സര്‍ക്കാരിനോട് അപേക്ഷിക്കുക മാത്രമാണ് മുസ്‌ലിം സമൂഹം ചെയ്യുന്നത്. ആ അപേക്ഷ കാണാന്‍ സമൂഹം തയ്യാറാവണം എന്ന് കാന്തപുരം അഭ്യര്‍ഥിച്ചു.

സച്ചാർ കമ്മിറ്റി റിപ്പോർട്

ജസ്‌റ്റിസ്‌ രജീന്ദർ സച്ചാർ തലവനായ ഏഴംഗസമിതി തയ്യാറാക്കിയ റിപ്പോർട്ടാണ് സച്ചാർ കമ്മിറ്റി റിപ്പോർട് എന്നറിയപ്പെടുന്നത്. ഈ റിപ്പോർട് അനുസരിച്ച്, ഇന്ത്യൻ മുസ്‌ലിംകളുടെ അവസ്‌ഥ പട്ടികജാതി പട്ടികവർഗ വിഭാഗത്തേക്കാൾ താഴ്ന്ന നിലവാരത്തിലുള്ളതാണ്. കണക്കുകളുടെ അടിസ്‌ഥാനത്തിൽ ഈ യാഥാർഥ്യങ്ങൾ റിപ്പോർട് വിവരിക്കുന്നുണ്ട്. തൊഴിൽ, വിദ്യാഭ്യാസം, പാർപ്പിടം എന്നീ രംഗങ്ങളിൽ മുസ്‌ലിംകൾക്ക് അവസര സമത്വം ഉറപ്പു വരുത്തുന്നതിനായി സ്വീകരിക്കേണ്ട അനുയോജ്യമായ നടപടികളും ഈ റിപ്പോർട് മുന്നോട്ടു വെക്കുന്നുണ്ട്.

Sachar Committee report handovering to Manmohan Singh
സച്ചാർകമ്മിറ്റി റിപ്പോർട് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഏറ്റുവാങ്ങുന്നു

സമിതിയിലെ മറ്റംഗങ്ങൾ ഇവരായിരുന്നു: സയ്യിദ് ഹാമിദ്, ഡോ. ടികെ ഉമ്മൻ, എംഎ ബാസിത്, ഡോ. അക്‌തർ മജീദ്, ഡോ. അബൂ സ്വാലിഹ് ഷരീഫ്, ഡോ. രാഗേഷ് ബസന്ത്. ഇവരെ കൂടാതെ, സയ്യിദ് സഫർ മഹ്‌മൂദ് ഈ സമിതിയുടെ പ്രത്യേക ചുമതലയുള്ള ആളായിരുന്നു.

Most Read: ന്യൂനപക്ഷങ്ങൾക്ക് തുല്യനീതി ഉറപ്പാക്കി സർക്കാർ നിയമം കൊണ്ടുവരണം; കെസിബിസി

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE