വാക്‌സിനേഷൻ; വിദേശത്ത് പോകുന്നവര്‍ അറിയേണ്ടതെല്ലാം; സംശയങ്ങളും മറുപടിയും

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നൽകി ആരോഗ്യവകുപ്പ്. വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്‌ചക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം മാര്‍ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇത് സംബന്ധിച്ച് നിരവധി സംശയങ്ങൾ ആളുകൾ പ്രകടിപ്പിച്ചിരുന്നു. ഇവയ്‌ക്കെല്ലാം ആരോഗ്യവകുപ്പ് മറുപടി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

18 വയസിന് മുകളിലുള്ള, കോവിഷീല്‍ഡ്/ കോവാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിക്കുകയും വിദേശ യാത്രക്കായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോർട്ട് നമ്പര്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടവരാണ് സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവര്‍. കൂടാതെ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുകയും എന്നാല്‍ വിദേശ രാജ്യങ്ങളുടെ വാക്‌സിന്‍ നയപ്രകാരം വിദേശ യാത്രക്കായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് എന്നതിന് പകരം ഓക്‌സ്‌ഫോർഡ് അസ്‌ട്രാസെനക്ക എന്ന് രേഖപ്പെടുത്തേണ്ടത് അനിവാര്യമായവര്‍ക്കും നിലവിലെ വാക്‌സിനേഷന്‍ സ്‌ഥിതി അനുസരിച്ച് അന്തിമ/ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.

സംസ്‌ഥാന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ എന്ത് ചെയ്യണം?

രണ്ടാം ഡോസ് സ്വീകരിച്ചതിന് ശേഷം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് താൽക്കാലികമായി ഒരു സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതായിരിക്കും. തുടര്‍ന്ന്  ഈ വെബ്സൈറ്റ് സന്ദര്‍ശിച്ച് VACCINATION CERTIFICATE (GOING ABROAD) എന്ന് ടാബ് ക്ളിക്ക്‌ ചെയ്യുക.

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റും മറ്റ് വ്യക്‌തിഗതവിവരങ്ങളും നല്‍കുക. സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ ജില്ലാ മെഡിക്കല്‍ ഓഫിസർ പരിശോധിച്ച് അര്‍ഹതയുള്ളവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

അപേക്ഷ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള മൊബൈല്‍ നമ്പറില്‍ എസ്‌എംഎസ്. ലഭിക്കുന്നതാണ്. അംഗീകരിക്കപ്പെട്ട അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്‌ത് സൂക്ഷിക്കാം.

അപേക്ഷ നിരസിക്കപ്പെടുകയാണെങ്കില്‍ അപേക്ഷ നിരസിക്കുവാനുള്ള കാരണം കാണിക്കുന്ന എസ്‌എംഎസ്. ലഭിക്കുന്നതാണ്. തുടർന്ന് ആവശ്യമായ തിരുത്തലുകള്‍ വരുത്തി വീണ്ടും അപേക്ഷിക്കാം.

രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നേരത്തെ ലഭിക്കാന്‍ എന്ത് ചെയ്യണം?

മുന്‍ഗണന ലഭിക്കാനായി ഈ വെബ്‌സൈറ്റിൽ അപേക്ഷിക്കുക. ഇതിനുള്ള സംവിധാനം ഉടന്‍ തന്നെ വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്. അപേക്ഷിക്കുന്ന സമയത്ത് യാത്രാ വിവരത്തിന്റെ രേഖകള്‍ അപ്‌ലോഡ് ചെയ്യണം.

രണ്ടാം ഡോസ് വാക്‌സിന്‍ നേരത്തെ എടുത്തിട്ടുള്ളവര്‍ക്ക് സംസ്‌ഥാനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി പ്രത്യേകം അപേക്ഷിക്കണം. ഇതിനായി ഇവിടെ ക്ളിക്ക്‌ ചെയ്യുക. രണ്ടാം ഡോസ് സ്വീകരിച്ച സമയത്ത് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയിട്ടുള്ള പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് കൂടി അപ്‍ലോഡ് ചെയ്യണം.

വിദേശത്ത് വച്ച് അസ്‌ട്രാസെനക്ക വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് സംസ്‌ഥാനത്ത് നിന്നും രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കാം. അവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിത്തിലെത്തി രണ്ടാം ഡോസിനായി രജിസ്‌റ്റര്‍ ചെയ്യണം. തുടര്‍ന്ന് ആദ്യ ഡോസിന്റെ വിവരങ്ങള്‍ കോവിന്‍ സൈറ്റില്‍ നല്‍കുന്നതാണ്. രണ്ടാം ഡോസ് നല്‍കിയ വിവരം രേഖപ്പെടുത്തിയതിന് ശേഷം അവര്‍ക്ക് കോവിന്‍ സൈറ്റില്‍ നിന്ന് അന്തിമ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

കൂടുതല്‍ സംശയങ്ങള്‍ക്ക് ദിശ 1056, 104 എന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Also Read: ബാങ്കുകൾ അഞ്ച് മണി വരെ; സംസ്‌ഥാനത്ത് കൂടുതൽ ലോക്ക്‌ഡൗൺ ഇളവുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE