ന്യൂഡെല്‍ഹി: രാജ്യത്തുണ്ടാകുന്ന തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവില്‍ ആശങ്കയറിയിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ അനിശ്ചിതത്വത്തില്‍ ആണെന്നും ഇത് നാണയപ്പെരുപ്പത്തിന് കാരണമാകുമെന്നും ആർബിഐ ചൂണ്ടിക്കാട്ടി. കൂടാതെ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ വില വര്‍ധിപ്പിക്കുന്നത് നാണയപ്പെരുപ്പവും ചിലവും കൂട്ടുമെന്നാണ് റിസര്‍വ് ബാങ്ക് നിരീക്ഷണം.
ഈ സാഹചര്യം ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി എടുക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. എക്സൈസ് തീരുവ, സെസ് തുടങ്ങിയവ കുറക്കാന്‍ കേന്ദ്രവും മൂല്യവര്‍ധിത നികുതിയായ വാറ്റ് കുറക്കാന്‍ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
നിലവില്‍ പെട്രോള്‍ ലിറ്ററിന് 32.9 രൂപ, ഡീസല്‍ ലിറ്ററിന് 31.8 രൂപ എന്നിങ്ങനെയാണ് എക്സൈസ് തീരുവ. 2020 മാര്‍ച്ച് മുതല്‍ 2021 മെയ് വരെ പെട്രോള്‍ ലിറ്ററിന് 13 രൂപയും ഡീസല്‍ ലിറ്ററിന് 16 രൂപയുമാണ് കേന്ദ്രം എക്സൈസ് തീരുവ കൂട്ടിയത്.
അതേസമയം പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ വരാത്തതിനാൽ ഓരോ സംസ്ഥാനത്തും ഇന്ധനവില വ്യത്യസ്തമാണ്. 30 ശതമാനത്തിനുമേല്‍ വാറ്റ് ഈടാക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും പെട്രോള്‍ വില മൂന്നക്കം കടക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ഇന്ധനവില കൂട്ടിയിരുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഇന്ധനവിലയിൽ തുടർച്ചയായ വർധനവാണ് ഉണ്ടാകുന്നത്.
Read Also: വാക്സിൻ എടുത്ത ശേഷം കോവിഡ് ബാധിച്ചവർ മരണപ്പെട്ടിട്ടില്ല; എയിംസ് റിപ്പോർട്







































