കൊച്ചി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് എതിരെ നടത്തിയ പരാമർശത്തിൽ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ സംവിധായിക ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചാനൽ ചർച്ചക്കിടെ താൻ നടത്തിയ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഐഷ സുൽത്താന വ്യക്തമാക്കി.
താൻ നടത്തിയ പരാമർശങ്ങൾ രാജ്യത്തിനോ, സർക്കാരിനോ എതിരെ അല്ലായിരുന്നുവെന്നും, പരമാര്‍ശം വിവാദമായതോടെ സമൂഹ മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ഐഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി ലക്ഷദ്വീപ് പ്രസിഡണ്ട് അബ്ദുൾ ഖാദർ ഹാജി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഐഷ സുൽത്താനക്ക് എതിരെ കവരത്തി പോലീസ് രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്.
ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ബയോവെപ്പൺ എന്ന പദം ഉപയോഗിച്ചതിനാണ് ഐഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. അതേസമയം, വിഷയത്തിൽ ഐഷ സുൽത്താനക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Read also : മരംകൊള്ള; അന്വേഷണ സംഘം ഇന്ന് യോഗം ചേരും







































