വടകര: മൽസ്യബന്ധനത്തിനിടെ തിരമാലയിൽ പെട്ട് ബോട്ട് തകർന്നു. വടകര പുരാണകര കടലിൽ വ്യാഴാഴ്‌ച രാവിലെ എട്ടോടെയാണ് സംഭവം. അപകടത്തിൽ 5 പേർ സാഹസികമായി രക്ഷപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന അനൂപ്, പുതിയപുരയിൽ ശശി, പുതിയപുരയിൽ പ്രവീൺ, പാണ്ടികശാല ഹരിപ്രസാദ്, സുന്ദരൻ എന്നിവരാണ് രക്ഷപ്പെട്ടത്.
മാടാക്കര സ്വദേശി പുത്തൻപുരയിൽ അനൂപിന്റെ ഉടമസ്‌ഥതയിലുള്ള ചിന്നുമോൾ എന്ന ബോട്ടാണ് തകർന്നത്. രാവിലെ ആറരയോടെ ചോമ്പാൽ തീരത്ത് നിന്ന് മൽസ്യബന്ധനത്തിന് ഇറങ്ങിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വലയിൽ കുടുങ്ങിയ മൽസ്യത്തെ വലിച്ചുകയറ്റുന്നതിനിടെ കൂറ്റൻ തിരമാലയിൽ പെട്ട് ഇവർ തെറിച്ചു വീഴുകയായിരുന്നു. നീന്തി നീങ്ങുന്നതിനിടെ മറ്റു തോണിക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. പാറക്കെട്ടിലിടിച്ച് ബോട്ട് തകർന്നു. രണ്ട് എൻജിനുകളുടെ വിവിധ ഭാഗങ്ങൾ കടലിൽ കാണാതായി. തീരത്ത് നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്ത് വെച്ചാണ് അപകടം നടന്നത്. വിവരമറിഞ്ഞ് കോസ്‌റ്റൽ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.
Read also: മുട്ടിൽ മരംമുറി; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ




































