വയനാട് : തൃശ്ശിലേരിയും പരിസര പ്രദേശങ്ങളും വീണ്ടും കടുവപ്പേടിയിൽ. ഏകദേശം ഒരാഴ്‌ചക്ക് ശേഷമാണ് ഇവിടങ്ങളിൽ വീണ്ടും കടുവ ഇറങ്ങിയത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ ദിവസം പകൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ ആടിനെ കടിച്ചു കൊന്നിരുന്നു.
ആനപ്പാറ വെട്ട് കല്ലാനിക്കൽ കുട്ടപ്പന്റെ ആടിനെയാണ് കടുവ പിടിച്ചത്. മേയാൻവിട്ട ആടുകളെ കുട്ടപ്പനും മകൾ അശ്വതിയും ചേർന്ന് തിരികെ കൊണ്ട് വരുന്നതിനിടെയാണ് കടുവയുടെ മുന്നിൽപ്പെട്ടത്. ആടിനെ കടുവ പിടിച്ചതോടെ ഇരുവരും ഓടിരക്ഷപെട്ടു. തുടർന്ന് ആടിനെയും കൊണ്ട് കടുവ അടുത്തുള്ള വനത്തിലേക്ക് പോയി.
കടുവയെ കണ്ടെത്താനായി വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിന് മുൻപും നിരവധി വളർത്തു മൃഗങ്ങളെ ഈ പ്രദേശത്ത് കടുവ കൊന്നിരുന്നു. ഫോറസ്‌റ്റർ ടിആർ സന്തോഷ്, ബീറ്റ്ഫോറസ്‌റ്റ് ഓഫിസർമാരായ എസ്ആർ നവീൻ, ശിവജി ശരൺ എന്നിവർ സ്‌ഥലത്തെത്തി പരിശോധന നടത്തി.
Read also : ഡെൽഹിയിൽ ദമ്പതികൾക്ക് നേരെ ആക്രമണം; ഭർത്താവ് കൊല്ലപ്പെട്ടു







































