രാജപുരം: പാണത്തൂർ പരിയാരത്ത് കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങി തെങ്ങുകളും വാഴകളും നശിപ്പിച്ചു. പരിയാരത്തെ ജോസഫ് വിലാസം ജോൺസന്റെ കൃഷിയിടത്തിലെ തെങ്ങുകളും വാഴകളുമാണ് തിങ്കളാഴ്‌ച രാത്രി കാടിറങ്ങിയെത്തിയ ആനക്കൂട്ടം നശിപ്പിച്ചത്. വീടിന് 25 മീറ്റർ മാത്രം അകലെയെത്തിയ ആനക്കൂട്ടം 35 കുലയ്‌ക്കാറായ തെങ്ങ്, ഏത്തവാഴയടക്കമുള്ള 300ഓളം വാഴകൾ എന്നിവ പൂർണമായും നശിപ്പിച്ചു. കഴിഞ്ഞദിവസം വനാതിർത്തിയായ കാര്യങ്ങാനത്തെ വീട്ടുമുറ്റത്തെ വാഴകളും ആനക്കൂട്ടം നശിപ്പിച്ചിരുന്നു.
ഈ മേഖലയിലെ വീടുകൾക്ക് നേരേയും ആനയുടെ ആക്രമണം ഉണ്ടാകുമോയെന്ന ഭീതിയിലാണ് പ്രദേശവാസികൾ. കേരള- കർണാടക അതിർത്തിയിലെ വനത്തിൽനിന്നാണ് ആനക്കൂട്ടം ഇറങ്ങിവരുന്നത്. പരിയാരം മേഖലയിൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി ആനശല്യത്തിന് നേരിയ കുറവുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടുമെത്തി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർ ആശങ്കയിലാണ്.
പരിയാരമടക്കം പനത്തടി പഞ്ചായത്തിന്റെ വനാതിർത്തി മേഖലകളിൽ വനംവകുപ്പ് സൗരോർജ വേലി സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ മിക്ക പ്രദേശങ്ങളിലും പ്രവർത്തനരഹിതമായതാണ് ആനക്കൂട്ടം കാടിറങ്ങാൻ കാരണം. കൃഷിയിടങ്ങളിലേക്ക് ആനക്കൂട്ടമിറങ്ങുന്നത് സ്‌ഥിരമായതോടെ സൗരോർജവേലി പ്രവർത്തനക്ഷമമാക്കാൻ ആഴ്‌ചകൾക്ക് മുൻപുതന്നെ വനംവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ആവശ്യമായ സാധനസാമഗ്രികൾ കർണാടകയിൽനിന്ന് എത്തിക്കുന്നതിന് തടസം നേരിട്ടു. ഇതോടെ അറ്റകുറ്റപ്പണിയും നടത്താൻ സാധിച്ചില്ല.
ആന ഇറങ്ങിയതറിഞ്ഞ് കാഞ്ഞങ്ങാട് റേഞ്ച് ഓഫിസർ കെ അഷ്‌റഫ് , പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് തുടങ്ങിയവർ സ്‌ഥലം സന്ദർശിച്ചു. വനം വകുപ്പിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ച് ആനയെ കാട് കയറ്റാൻ നിയോഗിക്കുമെന്നും വനാതിർത്തിയിൽ 24 കിലോമീറ്റർ ഭാഗത്തെ സൗരോർജ വേലിയുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുമെന്നും റേഞ്ച് ഓഫിസർ അറിയിച്ചു.
Also Read: പെൻഷൻ മുടങ്ങിയിട്ട് ഒരു മാസം; മുൻ കെഎസ്‌ആർടിസി ജീവനക്കാർ ദുരിതത്തിൽ

































