തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയായി അനിൽ കാന്തിനെ മന്ത്രിസഭാ യോഗം തിരഞ്ഞെടുത്തു. ഡെൽഹി സ്വദേശിയായ അനിൽ കാന്ത് ഇന്ന് വൈകുന്നേരം 4.30ന് ഡിജിപിയായി ചുമതല ഏൽക്കും. ദളിത് വിഭാഗത്തിൽ നിന്നും കേരളത്തിൽ പോലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്. കൂടാതെ എഡിജിപി സ്ഥാനത്ത് നിന്നും നേരിട്ട് ഡിജിപി സ്ഥാനത്തെത്തുന്ന ഉദ്യോഗസ്ഥനെന്ന പ്രത്യേകത കൂടി അനിൽ കാന്തിനുണ്ട്.
ബി സന്ധ്യ, സുധേഷ് കുമാർ എന്നിവരാണ് പോലീസ് മേധാവിയാകാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഉണ്ടായിരുന്നത്. ഇവരെ ഒഴിവാക്കിയാണ് ഇപ്പോൾ അനിൽ കാന്ത് സംസ്ഥാന പോലീസ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനിൽ കാന്ത് കൽപ്പറ്റ എഎസ്പിയായാണ് പോലീസ് സേവനം ആരംഭിച്ചത്.
ഫയര്‍ഫോഴ്സ് ഡയറക്ടർ ജനറല്‍, ബറ്റാലിയന്, പോലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എഡിജിപി ആയിരുന്നു. ജയില്‍ മേധാവി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മിഷണർ എന്നീ തസ്തികകളിൽ അനിൽകാന്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ വിശിഷ്ട സേവനത്തിനും സ്തുത്യര്‍ഹ സേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ ഉദ്യോഗസ്ഥൻ കൂടിയാണ് അനിൽ കാന്ത്.
Read also : കോവിഡിലെ ദുരിതം; ടൂറിസ്റ്റ് ബസ് ഉടമകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമരം







































