മ്യൂണിക്ക്: ജർമൻ മധ്യനിരയിലെ കരുത്തുറ്റ പോരാളിയായിരുന്ന ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ജർമനി ഇംഗ്ളണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് 31കാരനായ ക്രൂസിന്റെ വിരമിക്കൽ പ്രഖ്യാപനം.
ജർമനിക്കായി എല്ലാം നൽകിയെന്നും യൂറോ കപ്പ് ജയിക്കുകയെന്ന ആഗ്രഹം മാത്രം സഫലമാക്കാനായില്ലെന്നും ക്രൂസ് വിടവാങ്ങൽ സന്ദേശത്തിൽ പറഞ്ഞു. അടുത്തവർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ കളിക്കാൻ താനുണ്ടാവില്ലെന്നും ക്രൂസ് വ്യക്‌തമാക്കി.
— Toni Kroos (@ToniKroos) July 2, 2021
യൂറോ കപ്പിനുശേഷം രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നുവെന്ന് ക്ളബ് ഫുട്‍ബോളിൽ റയൽ മാഡ്രിഡിന്റെ താരമായ ക്രൂസ് പറഞ്ഞു. 2022ലെ ഖത്തർ ലോകകപ്പിൽ കളിക്കില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്. അടുത്ത ഏതാനും വർഷങ്ങളിൽ റയൽ മാഡ്രിഡിന് വേണ്ടിയുള്ള കളികളിൽ മാത്രം ശ്രദ്ധിക്കാനാണ് ആഗ്രഹിക്കുന്നത്; ക്രൂസ് പറഞ്ഞു.
2010 മുതൽ 2021 വരെ ജർമനിക്കായി 106 മൽസരങ്ങൾ കളിച്ച ക്രൂസ് 17 ഗോളുകൾ നേടി. 2014 ലോകകപ്പ് സെമിയിൽ ബ്രസീലിനെ ജർമനി 7-1ന് തകർത്ത മൽസരത്തിലും ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് കിരീടം നേടിയപ്പോഴും ക്രൂസിന്റെ പ്രകടനം നിർണായകമായിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്‌റ്റ് നൽകിയ താരങ്ങളിലൊരാളായ ക്രൂസ് ഫിഫയുടെ ഓൾ സ്‌റ്റാർ ടീമിലും ഇടം നേടിയിട്ടുണ്ട്.
Read Also: ജിആർ ഇന്ദുഗോപന്റെ ചെറുകഥ സിനിമയാകുന്നു; നായകൻ ബിജു മേനോൻ






































