തിരുവമ്പാടി: ഓൺലൈൻ പഠനം തുടങ്ങി നാളേറെ കഴിഞ്ഞിട്ടും നെറ്റ്വർക്ക് ലഭിക്കാതെ ഒരുകൂട്ടം വിദ്യാർഥികൾ. കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിലെ ഉറങ്ങാട്ടിരി പഞ്ചായത്തിൽപെട്ട കരിമ്പ കോളനിയിലെ വിദ്യാർഥികൾക്കാണ് നെറ്റ്വർക് ലഭിക്കാതെ ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ സാധിക്കാത്തത്. ഒടുവിൽ ഇതിനൊരു പരിഹാരമായി വിദ്യാർഥികൾ തന്നെ മുന്നിട്ടിറങ്ങി. ഇവർ താമസിക്കുന്ന കോളനിയുടെ സമീപത്ത് ചില പ്രത്യേക സ്ഥലത്ത് മാത്രമാണ് റേഞ്ച് ഉള്ളതെന്ന് കണ്ടെത്തിയ കുട്ടികൾ അവിടെ ഒരു ഷെഡ് കെട്ടി. തുടർന്ന് പഠനം ആ ഷെഡിലേക്ക് മാറ്റുകയുമാണ് ചെയ്തത്.
കക്കാടം പൊയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 2 മുതൽ 10 വരെ ക്ളാസുകളിലെ 8 കുട്ടികളാണ് കോളനിയിൽ ഉള്ളത്. ക്ളാസുള്ള സമയങ്ങളിലെല്ലാം ഇവർ ഷെഡിലിരുന്നാണ് പഠനം നടത്തുന്നത്. കുട്ടികൾക്ക് വേണ്ട നെറ്റ്വർക് സംവിധാനമോ പഠന സൗകര്യമോ ഒരുക്കാൻ അധികൃതർ ആരും മുന്നോട് വന്നിട്ടില്ലെന്ന് കോളനി വാസികൾ പറഞ്ഞു. ഏറെ ബുദ്ധിമുട്ടിയാണ് കുട്ടികൾ പഠിക്കുന്നത്. കാടിന് നടുവിലായാണ് ഇവർ ഷെഡ് കെട്ടിയിരിക്കുന്നത്. മഴ പെയ്താൽ പോലും എല്ലാവർക്കും ഇവിടെ ഇരുന്ന് പഠിക്കാനാവില്ല. ഇപ്പോഴും കുറച്ചു പേർ ഷെഡിനു പുറത്തിരുന്നാണ് പഠിക്കുന്നതെന്നും കോളനി വാസികൾ പറഞ്ഞു.
കുട്ടികളുടെ പഠന സൗകര്യം വിലയിരുത്താൻ അധ്യാപകർ കോളനിയിൽ എത്തിയപ്പോഴാണ് കുട്ടികൾ ഷെഡ് കെട്ടുന്നത് ശ്രദ്ധയിൽ പെട്ടതെന്നും, വൈകാതെ ഇവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
Read Also: ഈ വർഷത്തെ ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരം തന്നെ വേദിയാവും; മന്ത്രി സജി ചെറിയാൻ






































