കണ്ണൂർ: പഠനാവശ്യത്തിന് മൊബൈലിൽ റേഞ്ചില്ലാതെ വന്നതോടെ കൂറ്റൻ മരത്തിൽ കയറിയ വിദ്യാർഥി താഴെ വീണ് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട് സമർപ്പിക്കണമെന്ന് കണ്ണൂർ ജില്ലാ കളക്‌ടർക്ക് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് നിർദ്ദേശം നൽകി.
കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്തു ബാബുവാണ് അപകടത്തിൽ പെട്ടത്. വിദ്യാർഥിക്ക് നട്ടെല്ലിനാണ് പൊട്ടലുള്ളത്. കുട്ടിയെ പരിയാരത്ത് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പ്ളസ് വൺ അലോട്ട്‌മെന്റ് പരിശോധിക്കാനായാണ് വീടിനടുത്തുള്ള കൂറ്റൻ മരത്തിന് മുകളിലേക്ക് അനന്തു ബാബു കയറിയത്. നിലതെറ്റി പാറക്കൂട്ടത്തിലേക്കാണ് വിദ്യാർഥി വീണത്.
അനന്തു ബാബു അടക്കം കോളനിയിൽ 72 വിദ്യാർഥികളാണ് ഉള്ളത്. പത്താം ക്ളാസിൽ ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാൻ ഇതേ മരത്തിന് മുകളിൽ കയറിയാണ് അനന്തു ബാബു പഠിച്ചത്. ഇവിടെ മൊബൈലിന് റേഞ്ചില്ലാത്തത് വലിയ വാർത്തയായിരുന്നു. വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ജില്ലാ കളക്‌ടറെയടക്കം സമീപിച്ചിരുന്നു. എന്നാൽ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ച് ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും അതിന് പരിഹാരമായിട്ടില്ല.
Read Also: കോഴിക്കോട് കെഎസ്ആർടിസി വാണിജ്യ സമുച്ചയം തുറന്നു