തിരുവനന്തപുരം: ചാരക്കേസ് ഗൂഢാലോചന കേസിലെ നാലാം പ്രതി സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷിചേരാൻ മറിയം റഷീദയും ഫൗസിയ ഹസനും. സിബി മാത്യൂസിന്റെ ജാമ്യാപേക്ഷയെ എതിർത്ത് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഇരുവരും ഹരജി നൽകി. സിബിയുടെ ഹരജി തീർപ്പാക്കുന്നതിന് മുൻപ് തങ്ങളുടെ വാദം കൂടി കേൾക്കണമെന്നാണ് ആവശ്യം.
നേരത്തെ കക്ഷി ചേരാൻ ആവശ്യപ്പെട്ട് നമ്പി നാരായണനും ഹരജി നൽകിയിരുന്നു. തുടർന്ന് സിബി മാത്യുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്‌ചത്തേക്ക് മാറ്റി. മാലി വനിതകളായ മറിയത്തിന്റെയും ഫൗസിയയുടെയും ഒപ്പം നമ്പി നാരായണന്റെയും ഹരജികളും അന്ന് പരിഗണിക്കും.
ചാരക്കേസ് വസ്‌തുതകളുടെ അടിസ്‌ഥാനത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്‌ഥൻ എന്നുള്ള നിലയിൽ ഐബിയുടെ നിർദ്ദേശം അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി സിബി മാത്യു കോടതിയെ സമീപിച്ചത്. മാലിവനിതകളായ ഫൗസിയ ഹസന്റെയും മറിയം റഷീദയുടെയും മൊഴികളിൽ നിന്നാണ് ചാര വൃത്തി നടന്നിട്ടുണ്ടെന്ന് ഉറപ്പിച്ചത്. ഇവരുടെ നെറ്റ്‌വർക്കുകളും കണ്ടെത്തിയിരുന്നു. ഇവരുമായുള്ള നമ്പി നാരായണന്റെ ബന്ധവും ബോധ്യപ്പെട്ടിരുന്നു എന്നും സിബി ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ കേസിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. എന്നാൽ, മനപ്പൂർവം സിബി മാത്യു തന്നെ കേസിൽ കുടുക്കുകയായിരുന്നു എന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമാണ് നമ്പി നാരായണൻ പറയുന്നത്. മാത്രമല്ല, കേസിൽ തന്നെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് സിബി മാത്യൂസ് ആണെന്നും നമ്പി നാരായണന്റെ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ രണ്ട് ഹരജികളും പരിഗണിച്ച ശേഷമാകും കോടതി അന്തിമ തീരുമാനം എടുക്കുക.
Also Read: കുഞ്ഞ് ഇമ്രാനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു







































