ഒറ്റപ്പാലം: ഓൺലൈൻ തട്ടിപ്പിലൂടെ അക്കൗണ്ടിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി പണം നഷ്‌ടപെട്ടതായി പരാതി. നെല്ലിക്കുറിശി സ്വദശിനിയായി വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്‌ടപെട്ടത്. നഗരത്തിലെ പ്രമുഖ പൊതുമേഖലാ ബാങ്കിലാണ് വീട്ടമ്മക്ക് അക്കൗണ്ട് ഉള്ളത്. ഇതിലെ സേവിങ്‌സിൽ നിന്നും മകളുടെ പേരിലെ ജോയിന്റ് അക്കൗണ്ടിൽ നിന്നും വിവിധ ഘട്ടങ്ങളിലായി 80,000 രൂപ നഷ്‌ടപെട്ടെന്നാണ് പരാതി. വീട്ടമ്മയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഏപ്രിൽ 18 മുതൽ ജൂൺ 18 വരെയുള്ള രണ്ടുമാസ കാലയളവിൽ ഭർത്താവിന്റെ സർവീസ് പെൻഷനും സ്‌ഥിരനിക്ഷേപത്തിന്റെ പലിശ ഉൾപ്പെടെ വരുന്ന സേവിങ്സ് അക്കൗണ്ടിൽ നിന്നാണ് കൂടുതൽ പണം നഷ്‌ടമായത്. ഫോണിൽ നിന്നും ഒരു ഇടപാടും നടത്തിയിട്ടില്ല. എടിഎം കാർഡ് നമ്പറോ, മറ്റ് വിവരങ്ങളോ ആർക്കും കൈമാറിയിട്ടില്ലെന്നും പണം പിൻവലിച്ചതിന്റെ മെസേജ് ഫോണിൽ വന്നില്ലെന്നും വീട്ടമ്മ വ്യക്‌തമാക്കി.
ദിവസങ്ങൾക്ക് മുമ്പ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്‌ടപെട്ടതായി അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ തവണ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതർ വീട്ടമ്മയിൽ നിന്ന് വിശദീകരണം തേടി. പണം ഏത് അക്കൗണ്ടിലേക്കാണ് പോയതെന്ന് ഉടൻ കണ്ടെത്തുമെന്ന് ഒറ്റപ്പാലം പോലീസ് പറഞ്ഞു.
Read Also: മാദ്ധ്യമങ്ങളോട് അനാവശ്യ പ്രതികരണം നടത്തരുത്; പുതിയ മന്ത്രിമാരോട് പ്രധാനമന്ത്രി








































