മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ – ആരോഗ്യ മേഖലകൾ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും വിദ്യാർഥികൾക്ക് പഠന സൗകര്യം ഉറപ്പു വരുത്തണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആവശ്യപ്പെട്ടു.
‘പ്ളസ് വണ്‍ സീറ്റിന്റെ അപര്യാപ്‌തത കാലങ്ങളായി ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്നാണ്. കൂടുതല്‍ എ പ്ളസുള്ള ജില്ലയിലെ വിദ്യാർഥികൾക്ക് എല്ലാവര്‍ക്കും ഉപരി പഠനത്തിന് അവസരമൊരുക്കണം. താൽകാലിക സീറ്റ് വര്‍ധന ശാശ്വത പരിഹാരമല്ല. നിലവിലെ സീറ്റ് അനുസരിച്ച് കാല്‍ ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ഉപരി പഠനത്തിന് സൗകര്യമില്ലെന്നത് വളരെ ഗൗരവത്തില്‍ കാണണം‘ –ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.
ആരോഗ്യ രംഗത്തും ജില്ല വിവേചനം നേരിടുന്നു. കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസും രണ്ടാം ഡോസും ലഭിച്ചവരുടെ പട്ടികയില്‍ ജില്ല ഏറ്റവും പിറകിലാണ്. വാക്‌സിന്‍ നടപടികള്‍ വേഗത്തിലാക്കി കോവിഡ് ഭീഷണിയില്‍ നിന്ന് ജില്ലയെ മുക്‌തമാക്കേണ്ടതുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജ് വികസനവും മികച്ച ചികിൽസാ സൗകര്യങ്ങളും ഉറപ്പു വരുത്തണം. വിദ്യാഭ്യാസ – ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് നടപ്പിലാക്കണമെന്നും ഖലീലുല്‍ ബുഖാരി തങ്ങള്‍ ആവശ്യപ്പെട്ടു.
Most Read: സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടെന്ന് പറഞ്ഞിട്ടില്ല; എഐഎംഐഎം യുപി അധ്യക്ഷൻ








































