പാലക്കാട്: ബ്ളേഡ് മാഫിയയുടെ നിരന്തര ഭീഷണിയെ തുടർന്ന് മധ്യവയസ്ക്കൻ തൂങ്ങി മരിച്ചു. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടി(56) ആണ് മരിച്ചത്. വീടിന്റെ ഉമ്മറത്ത് ഇന്ന് പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്. ട്രാക്ടർ ഡ്രൈവറായിരുന്നു.
ഇയാൾക്ക് അഞ്ചു ലക്ഷത്തിലേറെ കടമുണ്ടായിരുന്നതായാണ് വിവരം. കൃഷി നടത്താനും മറ്റു ആവശ്യങ്ങൾക്കുമായി ധനമിടപാട് സ്ഥാപനങ്ങളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നുമാണ് ഇദ്ദേഹം കടമെടുത്തത്. എന്നാൽ, കോവിഡ് മൂലം ജോലികൾ കുറഞ്ഞതിനാൽ ഇയാൾ പണം തിരിച്ചടക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിൽ ആയിരുന്നു. തുടർന്ന് വട്ടിപ്പലിശക്കാരും ധനമിടപാട് സ്ഥാപനങ്ങളിലെ അധികാരികളും ഇദ്ദേഹത്തെ നിരന്തരം ഭീഷണിപ്പെടുത്തിയതായി സഹോദരീ ഭർത്താവ് ചന്ദ്രൻ പറഞ്ഞു.
ഇന്നലെ നെൻമാറയിലെ കെആർ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് അധികൃതർ എത്തി ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. കടുത്ത മനോവിഷമം നേരിട്ടതിലുള്ള മനപ്രയാസമാവാം മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
Read Also: ഉദുമയിലെ പീഡനം; ഒരാൾ അറസ്റ്റിൽ







































