പാലക്കാട്: പുഞ്ചപ്പാടത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന ആയുർവേദ ചികിൽസാ കേന്ദ്രം ജില്ലാ ആയുർവേദ വകുപ്പ് അധികൃതർ എത്തി പൂട്ടിച്ചു. പുഞ്ചപ്പാടം ശ്രീ കുറുംബ പാരമ്പര്യ നാട്ടുവൈദ്യ സ്‌ഥാപനമാണ് അധികൃതർ പൂട്ടിച്ചത്. ഏഴാം ക്‌ളാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള യുവതിയാണ് ചികിൽസാ കേന്ദ്രം നടത്തുന്നത്.
ആയുർവേദത്തിൽ ഒരു യോഗ്യതയും ഇല്ലാത്ത യുവതി നാഡീ, ഡിസ്‌ക് സംബന്ധമായ അസുഖങ്ങൾക്ക് ഫലപ്രദമായ ചികിൽസ നൽകുന്നുവെന്ന വ്യാജേനയാണ് രോഗികളെ സ്‌ഥാപനത്തിലേക്ക് ആകർഷിപ്പിക്കുന്നത്. ചികിൽസക്കായി മറ്റ് ജില്ലകളിൽ നിന്നടക്കം ആളുകൾ ഇവിടെ എത്താറുണ്ട്.
കോട്ടയം വിജയാപുരം സ്വദേശി ധനേഷിന്റെ പരാതിയെ തുടർന്നാണ് അധികൃതർ കേന്ദ്രത്തിൽ എത്തി പരിശോധന നടത്തിയത്. ഇയാൾ അവിടെ ഒരു മാസത്തോളം ചികിൽസ നടത്തിയിരുന്നു. അസുഖം മൂർച്ഛിച്ചതോടെ ഇയാൾ സർക്കാരിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് അധികൃതർ എത്തി പരിശോധന നടത്തിയത്. പരിശോധനയുടെ അടിസ്‌ഥാനത്തിൽ വ്യാജ സ്‌ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
ഭാരതീയ ചികിൽസാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എസ് ഷിബു, ആയുർവേദ ഡ്രഗ് ഇൻസ്‌പെക്‌ടർമാരായ ഡോ.എസ്ആർ അദീഷ് സുന്ദർ, ഡോ.എസ്‌ഡി ശ്രീജൻ, ഡോ.എസ് അനിജ, ജില്ലാ മെഡിക്കൽ ഓഫിസ് സൂപ്രണ്ട് കെസി അലക്‌സാണ്ടർ, എംഎസ് രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രം പൂട്ടിച്ചത്.
Read Also: രാകേഷ് അസ്‌താനയുടെ നിയമനം; കേന്ദ്ര തീരുമാനത്തിന് എതിരെ പ്രമേയം പാസാക്കി ഡെൽഹി സര്‍ക്കാര്‍






































