ന്യൂഡെല്‍ഹി: തലസ്ഥാനത്തെ കോവിഡ് കണക്കുകള്‍ ഒരിടവേളക്ക് ശേഷം ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ മതിയായ ഓക്‌സിജന്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി. 6-7 ദിവസങ്ങളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ ശേഖരം ആശുപത്രികളില്‍ ലഭ്യമാണെന്നാണ് സത്യേന്ദർ ജെയിൻ വ്യക്തമാക്കിയത്. ഡെല്‍ഹിയിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിലെ നേരിയ വര്‍ദ്ധന കണക്കിലെടുക്കേണ്ട ആവശ്യമില്ലെന്നും ഒന്നോ രണ്ടോ ആഴ്‌ചകള്‍ക്കുള്ളില്‍ അത് താഴേക്ക് വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഡെല്‍ഹിയിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന രോഗബാധ കാരണം ഇടക്കാലത്ത് ഓക്‌സിജന്‍ വരവ് കുറഞ്ഞെങ്കിലും നിലവില്‍ പഴയ സ്ഥിതിയിലെത്തിയെന്നും അദ്ദേഹം പറയുന്നു. ഡെല്‍ഹിയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 6.47 ശതമാനമായിരുന്നു. കഴിഞ്ഞ 7 ദിവസങ്ങളില്‍ ഈ നിരക്ക് ശരാശരി 7 ശതമാനത്തിന് അടുത്താണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ഇത് 9 ശതമാനം വരെ ആയിരുന്നുവെന്നും വൈകാതെ തന്നെ ഇത് കുറയുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയില്‍ ‘ഷഹീന്‍ ബാഗിലെ ദാദി’യും







































