പരപ്പനങ്ങാടി: ഇന്നലെ ഉണ്ടായ ശക്തമായ വേലിയേറ്റത്തെ തുടർന്ന് അരയൻകടപ്പുറത്തെ കടൽഭിത്തി തകർന്നു. കടൽഭിത്തിയുടെ മുകൾ ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കടലേറ്റം രൂക്ഷമായാൽ ഭിത്തി മുഴുവനായും തകർന്നു വീഴാവുന്ന അവസ്ഥയിൽ ആണുള്ളത്. ഇതോടെ വീടുകളിലേക്ക് വെള്ളം കയറുന്ന ആശങ്കയിലാണ് നൂറുകണക്കിന് തീരദേശ വാസികൾ.
കടലേറ്റം ശക്തമായാൽ അരയൻകടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിലേക്കും വെള്ളം കയറും. കഴിഞ്ഞ വർഷങ്ങളിലെ കടൽക്ഷോഭത്തിൽ ഇവിടുത്തെ കടൽഭിത്തിയുടെ കുറച്ചു ഭാഗങ്ങൾ തകർന്നിരുന്നു. എന്നാൽ നിലവിൽ അവ പൂർണമായും തകർന്ന അവ്സ്ഥയിലാണ്. ഭിത്തിക്ക് മുകളിലൂടെ തിരമാലകൾ സമീപത്തെ വീടുകളിലേക്കും അങ്കണവാടികളിലേക്കും ഉൾപ്പടെ അതി ശക്തമായാണ് അടിച്ചുകേറുന്നത്.
തകർന്ന കടൽഭിത്തി അടിയന്തിരമായി പുനർനിർമിച്ചു തീരദേശ വാസികളുടെ ജീവന് സംരക്ഷണം ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതർ എത്രയും പെട്ടെന്ന് വിഷയത്തിൽ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Read Also: ഈ മാസം 15ന് മുൻപ് 60 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്സിൻ; നടപടിയുമായി ജില്ലാ ആരോഗ്യവകുപ്പ്





































