പട്ടാമ്പി: ഭാരതപ്പുഴ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തത്തോടെ ബൃഹത് പദ്ധതി ആവിഷ്‌ക്കരിക്കുന്നു. ഇതിനായുള്ള പ്രാഥമിക ചർച്ചകൾ നടന്നതായി സ്‌പീക്കർ എംബി രാജേഷ് അറിയിച്ചു. പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് നഗരസഭാ അധികൃതരുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് സംരക്ഷണത്തിനായി ബൃഹത് പദ്ധതി ആസൂത്രണം ചെയ്യാൻ തീരുമാനിച്ചതെന്ന് സ്‌പീക്കർ പറഞ്ഞു.
ഭാരതപ്പുഴയെ മാലിന്യമുക്‌തമാക്കി ഒഴുക്കിന്റെ വേഗത വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭാരതപ്പുഴ കടന്നുപോകുന്ന തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. നിലവിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭാരതപ്പുഴയെ മാലിന്യമുക്‌തമാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും പദ്ധതി എങ്ങുമെത്താത്ത അവസ്‌ഥയിലാണ്.
ഭാരതപ്പുഴയെ മാലിന്യ മുക്‌തമാക്കി ഇരു തീരങ്ങളും സംരക്ഷിക്കുന്ന പദ്ധതിയെ കുറിച്ചും ചർച്ചകൾ നടന്നതായി സ്‌പീക്കർ അറിയിച്ചു. പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് പട്ടാമ്പി നഗരസഭ ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾ നഗരസഭാ ഭരണസമിതി സ്‌പീക്കറുടെ ശ്രദ്ധയിപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ പുഴ കൂടുതൽ മലിനപ്പെടുന്ന ഭാഗങ്ങളിലൊന്നാണ് പട്ടാമ്പി. പട്ടാമ്പി പാലത്തിനടിയിൽ പുഴവെള്ളത്തിൽ മുൻപ് കോളിഫോം ബാക്റ്റീരിയയുടെ അളവ് ക്രമാതീതമായി വർധിച്ചതായി കണ്ടെത്തിയിരുന്നു. പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിൽ തുടങ്ങുമെന്ന് സ്‍പീക്കർ ഉറപ്പു നൽകി. ജനകീയ പങ്കാളിത്തത്തോടെ മാത്രമേ പുഴയെ സംരക്ഷിച്ചു നിർത്താൻ സാധിക്കുകയുള്ളൂവെന്നും സ്‌പീക്കർ പറഞ്ഞു.
Read Also: കടലേറ്റം രൂക്ഷം; അരയൻ കടപ്പുറത്തെ കടൽഭിത്തി തകർന്നു






































