വയനാട്: ജില്ലയിൽ നാളെയും മറ്റന്നാളും മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടത്തുമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. 18 വയസ് കഴിഞ്ഞ എല്ലാവർക്കും ആദ്യഡോസ് വാക്‌സിൻ എന്ന ലക്ഷ്യവുമായാണ് വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്. രണ്ടു ദിവസംകൊണ്ട് കൂടുതൽ പേരിലേക്ക് വാക്‌സിൻ എത്തിക്കുകയാണ് ലക്ഷ്യം. 65,000 പേരാണ് ഈ വിഭാഗത്തിൽ ഇനി വാക്‌സിൻ സ്വീകരിക്കാനുള്ളത്.
നിലവിൽ 40,000 ഡോസ് വാക്‌സിനാണ് സ്‌റ്റോക്കുള്ളത്. ഇത് രോഗവ്യാപനം കൂടുതലുള്ള മേഖലകൾക്ക് മുൻഗണന നൽകി വിതരണം ചെയ്യും. സ്വകാര്യ ആശുപത്രികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് വാക്‌സിനേഷൻ നടത്തുക. ഇതിന്റെ ഭാഗമായി ഓരോ പഞ്ചായത്തുകളിലും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. പഞ്ചായത്തുകളിൽ ഒന്നിലധികം വാക്‌സിനേഷൻ സെന്ററുകൾ സജ്ജീകരിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
കൂടാതെ, ജില്ലയിലെ എല്ലാ സന്ദേശ സ്‌ഥാപനങ്ങളും ആരോഗ്യ വകുപ്പ് സ്‌ഥാപനങ്ങളും നാളെയും മറ്റന്നാളും തുറന്ന് പ്രവർത്തിക്കണമെന്നും കളക്‌ടർ ഡോ. അദീല അബ്‌ദുല്ല ഉത്തരവിറക്കി. സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്‌ടർ, രണ്ടു നഴ്‌സുമാർ എന്നിവർ അടങ്ങുന്ന സംഘത്തിന്റെ സേവനം ജില്ലാ മെഡിക്കൽ ഓഫിസർ ആവശ്യപ്പെടുന്ന മുറയ്‌ക്ക് സ്‌ഥാപന മേധാവികൾ അനുവദിച്ചു നൽകണമെന്നും കളക്‌ടർ നിർദ്ദേശം നൽകി. അതേസമയം, ജില്ലയിൽ ഇന്നലെ 13,000 ലധികം പേർക്ക് വാക്‌സിൻ നൽകി. വരും ദിവസങ്ങളിലും ജില്ലയിൽ കൂടുതൽ ഡോസ് വാക്‌സിൻ എത്തുമെന്നാണ് പ്രതീക്ഷ.
Read Also: സർവകലാശാല പ്രവേശന പരീക്ഷ; കാസർഗോഡ് ജില്ലയിൽ കേന്ദ്രമില്ല