പ്രശസ്‌ത ചലച്ചിത്ര സംവിധായികയും മാദ്ധ്യമ പ്രവർത്തകയുമായ വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘വൈറൽ സെബി‘യുടെ ടൈറ്റിൽ പോസ്‌റ്റർ ഫഹദ് ഫാസിലും മഞ്‍ജു വാര്യരും ചേർന്ന് പുറത്തിറക്കി.
ശുചീകരണ തൊഴിലാളികളുടെ ജീവിതവശങ്ങളെ ‘മാൻഹോൾ‘ എന്ന പേരിൽ ചലച്ചിത്ര ഭാഷ്യമാക്കി സിനിമാലോകത്ത് വ്യക്‌തിമുദ്ര ചാർത്തിയ വിധു വിൻസെന്റിന്റെ മൂന്നാമത്തെ ചിത്രമാണിത്. ‘സ്‌റ്റാൻഡ് അപ്‘ എന്ന രണ്ടാമത്തെ സിനിമയിലൂടെ സ്‌ത്രീ സമൂഹം നേരിടുന്ന ഒരു അടിസ്‌ഥാന പ്രശ്‌നം മനോഹര ചലച്ചിത്രാനുഭവമാക്കിയ ഇവർ ഇപ്പോൾ പ്രഖ്യാപിച്ച ‘വൈറൽ സെബി‘ ഏറെ വ്യത്യസ്‌തതയുള്ള വിഷയം തന്നെയാണ് കൈകാര്യം ചെയുന്നത്.
ബാദുഷ പ്രൊഡക്ഷൻസിന്റെ പേരിലാണ് ‘വൈറൽ സെബി‘ നിർമിക്കുന്നത്. ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കണ്‍ട്രോളറായും പ്രൊജക്‌ട് ഡിസൈനറായും പ്രവർത്തിച്ച ബാദുഷയുടെ നേതൃത്വത്തിലുള്ള നിർമാണ കമ്പനിയാണ് ബാദുഷ പ്രൊഡക്ഷൻസ്.
സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എൽദോ ശെൽവരാജ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഓടികൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിലെ കണ്ണാടിയിലേക്ക് നോക്കിയിരിക്കുന്ന ഒരാളുടെ മുഖമാണ് പോസ്‌റ്ററിലുള്ളത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് നിർമാതാക്കൾ അറിയിച്ചു. പി ശിവപ്രസാദാണ് ‘വൈറൽ സെബി‘യുടെ വാർത്താ പ്രചരണം നിർവഹിക്കുന്നത്.

Most Read: വാക്‌സിൻ എടുത്തവരിൽ കോവിഡ് ബാധയേറ്റത് 0.05 ശതമാനം പേർക്ക് മാത്രം








































