ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. വാക്‌സിൻ എടുത്തവരിൽ ഇതുവരെ കോവിഡ് ബാധയേറ്റവരുടെ എണ്ണം 0.05 ശതമാനത്തിലും താഴെയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. 53.14 കോടി ആളുകൾ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ഇതിൽ കോവിഡ് വന്നവരുടെ എണ്ണം 2.6 ലക്ഷമാണ്. ഇവരിൽ 1.72 ലക്ഷം പേർ ഒറ്റഡോസും 87,049 പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇപ്പോൾ നിലവിൽ നൽകുന്ന മൂന്ന് വാക്‌സിനുകളിലും ആനുപാതികമായ തോതിൽ വാക്‌സിന് ശേഷമുള്ള രോഗബാധയുണ്ട് എന്നാണ്. ഇത്തരം വൈറസ് ബാധകളെ ‘ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ’ എന്നാണ് വിളിക്കുന്നത്. രാജ്യത്തെങ്ങുമുള്ള ബ്രേക്ക് ത്രൂ ഇൻഫെക്ഷനുകൾ പഠനവിധേയമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം.
അന്താരാഷ്‌ട്രതലത്തിൽ അടക്കം കോവിഡ് വൈറസ് ഡെൽറ്റ വകഭേദം വലിയ വെല്ലുവിളിയാകുന്ന സമയത്ത് ഇത്തരമൊരു പഠനം അത്യാവശ്യമാണെന്നാണ് ആരോഗ്യവൃത്തങ്ങൾ പറയുന്നത്. കേരളത്തിൽ മാത്രം വാക്‌സിൻ എടുത്തവരിൽ 40,000 പേർക്ക് വീണ്ടും കോവിഡ് ബാധിച്ചിരുന്നു. ഇതിൽ പകുതി കേസുകളും പത്തനംതിട്ട ജില്ലയിലാണ്. ഇവരിൽ 50,42 പേർ രണ്ട് ഡോസുകളും എടുത്തവരാണ്.
കഴിഞ്ഞ മാസം ഐസിഎംആർ നടത്തിയ പഠനത്തിൽ ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ ബാധിച്ചവരിൽ മരണനിരക്കും ആശുപത്രി കേസുകളും കുറവാണെന്ന് വ്യക്‌തമാക്കിയിരുന്നു. അതേസമയം, ഇത്തരം കേസുകളിൽ 86 ശതമാനം പേരിലും ഡെൽറ്റ വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത് എന്നും ഐസിഎംആർ പറയുന്നുണ്ട്.
Also Read: കോവിഡിനെതിരെ നേസൽ വാക്‌സിൻ; ആദ്യഘട്ട പരീക്ഷണം വിജയകരം