ന്യൂഡെൽഹി: താലിബാൻ സൈന്യം പിടിമുറുക്കിയതോടെ അഫ്‌ഗാനിസ്‌ഥാനിൽ നിന്നുള്ള എയർ ഇന്ത്യയുടെ അവസാന വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. 126 യാത്രക്കാരുമായി എഐ 244 വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇന്ന് രാത്രിയോടെ വിമാനം ഡെൽഹിയിൽ എത്തിച്ചേരും. അഫ്‌ഗാനിസ്‌ഥാന്റെ ഹൃദയ ഭാഗമായ കാബൂളിൽ താലിബാൻ പ്രവേശിച്ചതോടെയാണ് എയർ ഇന്ത്യ അഫ്‌ഗാനിൽ നിന്നുള്ള അവസാന വിമാന സർവീസ് നടത്തിയത്.
അഫ്‌ഗാനിലെ സ്‌ഥിതി നിലവിൽ ഗുരുതരമാകുന്ന സാഹചര്യത്തിൽ കാബൂളിൽ നിന്നും ഇനി വിമാന സർവീസ് ഉണ്ടാകുമോ എന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുകയാണ്. അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ അധികാരത്തിലേറും എന്ന സാഹചര്യം ഉണ്ടായതോടെ നയതന്ത്ര ഉദ്യോഗസ്‌ഥരേയും, വിവിധ ആവശ്യങ്ങൾക്കായി അഫ്‌ഗാനിൽ കഴിയുന്ന പൗരൻമാരെയും വിവിധ രാജ്യങ്ങൾ തിരിച്ചു വിളിക്കുകയാണ്. ഏകദേശം 1,000 ഇന്ത്യക്കാർ അഫ്‌ഗാനിൽ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അമേരിക്കയും ബ്രിട്ടനും സൈനികരെ രംഗത്തിറക്കിയാണ് പൗരൻമാരെ തിരികെ രാജ്യത്തെത്തിച്ചത്. ഇതിന്റെ ഭാഗമായി 5,000 സൈനികരെ അമേരിക്ക നിയോഗിച്ചിരുന്നു. നിലവിൽ അഫ്‌ഗാനിൽ ഗവൺമെന്റ് ഏത് നിമിഷവും അധികാരമൊഴിഞ്ഞ് താലിബാൻ അധികാരത്തിൽ പ്രവേശിക്കുന്ന സാഹചര്യമാണ്. രാജ്യതലസ്‌ഥാനമായ കാബൂൾ നഗരത്തെ നാല് ഭാഗത്ത് നിന്നും താലിബാൻ വളഞ്ഞിരിക്കുകയാണ്.
Read also: ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി; കെ സുരേന്ദ്രനെതിരെ കേസ്







































