പട്ടാമ്പി: ഭാരതപ്പുഴ ഏറ്റവും കൂടുതൽ മലിനമായ പട്ടാമ്പി ഭാഗങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പദ്ധതി. ഭാരതപ്പുഴയിൽ പഴയകടവിനും പാലത്തിനും ഇടയിലെ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് നീക്കം ചെയ്യുക. ഇതിനായി ജലസേചന വകുപ്പിന്റെ കീഴിൽ നാലുലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.
ചേറും ചെളിയും മാലിന്യങ്ങളും നീക്കി പുഴയുടെ പഴയ സ്‌ഥിതി തിരിച്ചുപിടിക്കണമെന്ന് ഹരിത ട്രിബ്യൂണലും നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്ക മുന്നൊരുക്ക ഫണ്ടിലാണ് പുഴയോട് ചേർന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. ഭാരതപ്പുഴയിൽ വെള്ളം സുഗമമായി ഒഴുകിപ്പോകാൻ തടസ്സമായി നിൽക്കുന്ന പൊന്തക്കാടുകളും പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്യും.
പഴയ കടവിനും പാലത്തിനുമിടയ്‌ക്കുള്ള സ്‌ഥലത്തെ പുഴ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വിനോദ-വിശ്രമ സ്‌ഥലമായി മാറ്റാനാണ് നഗരസഭയുടെ ലക്ഷ്യം. മാലിന്യം ടിപ്പറിൽ നിറച്ച് നഗരസഭ നിർദ്ദേശിക്കുന്ന സ്‌ഥലത്തേക്ക് മാറ്റാനാണ് പദ്ധതി. ഭാരതപ്പുഴ ഏറ്റവും കൂടുതൽ മലിനമായത് പട്ടാമ്പിയിലാണെന്ന് ഹരിത ട്രിബ്യൂണൽ കണ്ടെത്തിയിരുന്നു. മാലിന്യവാഹിനിയായ രണ്ടു അഴുക്കുചാലുകൾ സദാസമയവും പഴയകടവ് വഴി ഭാരതപ്പുഴയിൽ ചേരുന്നുണ്ട്.
Read Also: മൽസ്യത്തൊഴിലാളി ഭവന സമുച്ചയ പദ്ധതി; ഉൽഘാടനം അടുത്ത മാസം 15ന്


































