കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ആദ്യ വനിതാ ഗവർണർമാരിൽ ഒരാളായ സലീമ മസാരി താലിബാൻ പിടിയിലായതായി റിപ്പോർട്. താലിബാനെ നേരിടാൻ ആയുധമെടുത്ത രാജ്യത്തെ വനിത കൂടിയാണ് സലീമ. അഫ്‌ഗാനിസ്‌ഥാൻ താലിബാന്റെ പിടിയിലായതോടെ നിരവധി നേതാക്കൾ രാജ്യമുപേക്ഷിച്ച് പലായനം ചെയ്‌തിരുന്നു. എന്നാൽ അപ്പോഴും സലീമയുടെ നേതൃത്വത്തില്‍ ബല്‍ഖ് പ്രവിശ്യയിലെ ചഹര്‍ കിന്റ് ജില്ല താലിബാനെതിരെ ശക്‌തമായ ഏറ്റുമുട്ടല്‍ നടത്തിയിരുന്നു.
അഫ്‌ഗാനിസ്‌ഥാന്റെ നിയന്ത്രണം പൂര്‍ണമായും താലിബാന്‍ പിടിച്ചടക്കുകയും പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗനി രാജ്യം വിടുകയും ചെയ്‌തതിന് പിന്നാലെയാണ് സലീമ മസാരി പിടിയിലാകുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപാണ് സലീമ മസാരി ഗവർണറായി ചുമതലയേറ്റത്. അഫ്‌ഗാനിൽ ചുമതലയേൽക്കുന്ന ആദ്യ മൂന്ന് വനിതാ ഗവർണർമാരിൽ ഒരാളായ സലീമ താലിബാനെതിരെ മികച്ച പ്രതിരോധമാണ് ഇതുവരെയും ഉയർത്തിയത്.
രാജ്യത്തെ സ്‌ത്രീകൾക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാക്കളിൽ ഒരാളായിരുന്നു സലീമ. കൂടാതെ അവസാനഘട്ടത്തില്‍ താലിബാന് കീഴടങ്ങാതെ നിന്ന സ്‌ത്രീകളുടെ നേൃത്വത്തിലുള്ള ഏക മേഖല കൂടിയാണ് സലീമ നേതൃത്വം നൽകിയ ചഹര്‍ കിന്റ്. സലീമയുടെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ വർഷം 100 താലിബാൻ പ്രവർത്തകർ കീഴടങ്ങിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ തന്നെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് വ്യക്‌തമാക്കി സലീമ മസാരി രംഗത്ത് വന്നിരുന്നു.
Read also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം പ്രാദേശിക നേതാക്കൾ രാജിവെച്ചു







































