കേണിച്ചിറ: ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കൽ സജി (50) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മദ്യലഹരിയെ തുടർന്നാണ് ബന്ധുക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടായത്. തുടർന്ന് ബന്ധുവും ഓട്ടോ ഡ്രൈവറുമായ അഭിലാഷ് (33) ആണ് സജിയെ വെട്ടിക്കൊലപ്പെടുത്തിയത്.
ഇന്നലെ വൈകുന്നേരം ആറരയോടെ ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും പിന്നീട് വഴക്കിട്ട് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ആയിരുന്നു. തുടർന്ന് രാത്രി വീടിന് സമീപത്തെ റോഡിൽവെച്ച് വീണ്ടും വഴക്കിട്ടതോടെയാണ് അഭിലാഷ് സജിയെ വെട്ടിയത്. സജിയുടെ കൈക്കാണ് വെട്ടു കൊണ്ടത്.
ഗുരുതരമായി വെട്ടേറ്റ സജിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു. നിസാരമായി പരിക്കേറ്റ അഭിലാഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Read Also: ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്; സുരക്ഷയിൽ ആശങ്ക







































