പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് 16കാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന് വ്യക്‌തമാക്കി പോലീസ്. കേസിൽ അറസ്‌റ്റിലായ ജംഷീറും പെൺകുട്ടിയുമായി ഒരു വർഷത്തിലേറെയായി അടുപ്പം ഉണ്ടായിരുന്നെന്നും, ഇവരുടെ വാട്‍സ്ആപ്പ് ചാറ്റ് കണ്ടെത്തിയ വീട്ടുകാർ പെൺകുട്ടിയെ താക്കീത് ചെയ്‌തെന്നുമാണ് പോലീസ് വ്യക്‌തമാക്കുന്നത്. എന്നാൽ തുടർന്നും ഇരുവരും തമ്മിൽ രഹസ്യബന്ധം തുടർന്നതായും പോലീസ് പറഞ്ഞു.
പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. അതിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 3 മണിക്കാണ് ജംഷീർ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. തുടർന്ന് പെൺകുട്ടിയുടെ വായിൽ തുണി തിരുകിയ ശേഷം ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയായിരുന്നു. ശബ്‌ദം കേട്ട് മുറിയിലെത്തിയ മുത്തശ്ശിയെ ചവിട്ടി വീഴ്‌ത്തിയ ശേഷം പ്രതി രക്ഷപെടുകയും ചെയ്‌തു.
സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ മുത്തശ്ശിയും ഇളയ സഹോദരനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പെൺകുട്ടി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇയാളുടെ താമസ സ്‌ഥലത്തിന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ നിന്നുമാണ് പിടികൂടിയത്. പെൺകുട്ടിയ കൊല്ലുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി കുറ്റം സമ്മതിച്ചതായി മണ്ണാർക്കാട് ഡിവൈഎസ്‌പി പറഞ്ഞു. കൂടാതെ പ്രതിക്കെതിരെ നിലവിൽ വധശ്രമം, അതിക്രമിച്ചു കയറൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
Read also: ജാതി സെൻസസ്; തീരുമാനം പ്രധാനമന്ത്രിയുടേത് എന്ന് ബിഹാർ മുഖ്യമന്ത്രി








































