പാലക്കാട്: ജില്ലയിലെ വീഴുമലയിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. മണ്ണാർക്കാട് പയ്യനെടം സ്വദേശി വേലായുധൻ(53) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് വനംവകുപ്പിന് കീഴിലുള്ള വീഴുമലയിൽ നിന്നും 68 ചന്ദന മരങ്ങൾ വേലായുധന്റെ നേതൃത്വത്തിൽ മുറിച്ചു കടത്തിയത്.
തമിഴ്നാട് സ്വദേശികളായ ജയരാമൻ, തങ്കരാജ് എന്നിവർ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. കേസിലെ പ്രധാന പ്രതിയായ വേലായുധൻ തമിഴ്നാട്ടിൽ നിന്നും ആളുകളെ എത്തിച്ചാണ് ചന്ദന മരങ്ങൾ മുറിച്ചു കടത്തിയിരുന്നത്. തുടർന്ന് ഈ മരങ്ങൾ ബെംഗളുരുവിലേക്കാണ് പ്രധാനമായും കടത്തിയത്. ഇയാൾക്കെതിരെ ചാലക്കുടി വനം ഡിവിഷന് കീഴിലും സമാന കേസ് ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ശ്രീകൃഷ്ണപുരത്ത് വച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്ന വേലായുധനെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. തുടർന്ന് ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ആലത്തൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻടി സിബിൻ, വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ സലീം, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ യു സുരേഷ്ബാബു, കെ നിഖിൽകുമാർ, എൻസി അനു, സുനിൽ, മുഹമ്മദാലി, ഫോറസ്റ്റ് ഡ്രൈവർ സവാദ്, വാച്ചർ അപ്പുക്കുട്ടൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read also: കാക്കനാട് ലഹരിമരുന്ന് കേസ്; തെളിവെടുപ്പിനായി അന്വേഷണ സംഘം ചെന്നൈയിലേക്ക്





































