കാസര്‍ഗോഡ്: ഉപ്പളയിലെ പ്രാദേശിക ലീഗ് നേതാവ് മുസ്തഫയെ (45) കയ്യും കാലും വെട്ടി വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. ഇരുവരും ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരാണ്.
സംഭവം നടന്ന് ഒന്‍പത് മാസത്തിന് ശേഷമാണ് പ്രതികള്‍ അറസ്റ്റിലായത്. അക്രമത്തിനിരയായ മുസ്തഫ പ്രതികളെ പിടികൂടാന്‍ വൈകുന്നതിന് എതിരെ ജില്ലാ പോലീസ് ചീഫ് ഡി.ശില്പക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന പോലീസ് സംഘത്തെ മാറ്റി ഒരാഴ്ചക്കുള്ളില്‍ പ്രതികളെ പിടി കൂടുകയായിരുന്നു.
കുമ്പള സിഐ പ്രമോദും, ഡി വൈ എസ് പിയും, എസ് പിയും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഉപ്പള കൈക്കമ്പ ബങ്കള ക്വാര്‍ട്ടേഴ്സിൽ ആദം (23), ഉപ്പള നയാബസാര്‍ അമ്പാര് ക്വാര്‍ട്ടേഴ്സിൽ നൗഷാദ് (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിൽ ആദം എന്നയാൾക്ക് കൃത്യത്തിൽ നേരിട്ട് പങ്കുണ്ട്. കേസിൽ അഞ്ച് പ്രതികൾ ഉണ്ടെന്നാണ് വിവരം. ക്വട്ടേഷൻ നൽകിയവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഉപ്പളയിലെയും ബപ്പായത്തൊട്ടിയിലെയും ചില യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
33 ഓളം വെട്ടേറ്റ മുസ്തഫയെ മംഗളൂരു ആശുപത്രിയിൽ രണ്ട് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല എന്നാണ് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന ഉദ്യോഗസ്ഥർ പറഞ്ഞത്.