എറണാകുളം: ജില്ലയിലെ അങ്കമാലിയിൽ മക്കളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു. അങ്കമാലി തുറവൂർ സ്വദേശിനിയായ അഞ്ചു അനൂപ്(29) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അഞ്ചു ചികിൽസയിൽ കഴിയുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അതേസമയം മക്കളായ ആതിര(7), അനുഷ്(3) എന്നിവരെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് സംഭവം ഉണ്ടായത്. ഭർത്താവിന്റെ അമ്മ വീട്ടിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ അഞ്ചു അടുക്കളയിൽ നിന്നും മണ്ണെണ്ണ എടുത്ത് മക്കളുടെ ദേഹത്തും, സ്വന്തം ദേഹത്തും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ശബ്‌ദം കേട്ട് സ്‌ഥലത്തെത്തിയ അയൽക്കാരാണ് മൂവരെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മക്കൾ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അഞ്ചുവിനെ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കുട്ടികളുടെ മൃതദേഹം അങ്കമാലി എല്‍എഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒന്നര മാസത്തിന് മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് അഞ്ചുവിന്റെ ഭർത്താവ് അനൂപ് മരിക്കുന്നത്. ഡ്രൈവറായി ജോലി ചെയ്‌തിരുന്ന അനൂപ് മരിച്ചതിന് പിന്നാലെ അഞ്ചു കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നെന്ന് സമീപവാസികൾ വ്യക്‌തമാക്കുന്നുണ്ട്.
Read also: അമ്മയ്‌ക്കും മകനും നേരെ കൊല്ലത്ത് സദാചാര ഗുണ്ടായിസം; പ്രതി പിടിയിൽ