ന്യൂ ഡെല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം ശമനമില്ലാതെ തുടരുന്നു. രാജ്യത്ത് കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ കൂടിയായപ്പോള്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 59 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 85362 കോവിഡ് കേസുകളാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5903932 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണത്തില്‍ ഉയര്‍ച്ച തുടരുമ്പോഴും രോഗമുക്തരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച ആശ്വാസം പകരുന്നതാണ്. രാജ്യത്ത് ഇതുവരെ 4849584 ആളുകള്‍ക്ക് കോവിഡ് രോഗം ഭേദമായിട്ടുണ്ട്. ഇപ്പോഴത്തെ രോഗമുക്തി നിരക്ക് 82.14 ശതമാനമാണ്.
ഇന്നലെ 1089 ആളുകള്‍ കൂടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ മരണസംഖ്യ 93379 ആയി ഉയര്‍ന്നു. രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് മരണനിരക്ക് 1.58 ശതമാനമാണ്. രോഗവ്യാപനം കൂടിയിരുന്ന മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുറവ് ഉണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 17794 ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 8655 ആളുകള്‍ക്കും ആന്ധ്രാപ്രദേശില്‍ 7073 ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറെ ആഴ്ചകളെ അപേക്ഷിച്ച് ഇവിടങ്ങളില്‍ രോഗവ്യാപനം കുറയുന്നുണ്ട്.
കേരളം, ഒഡീഷ, ഡെല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നുണ്ട്. ഒഡീഷയില്‍ ആകെ രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു. കേരളത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ 6000 നു മുകളിലാണ് കോവിഡ് രോഗബാധിതര്‍. തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം കേരളത്തിനേക്കാള്‍ താഴെയാണ് കോവിഡ് ബാധിതരുടെ എണ്ണം.
Read also : വിവര ചോര്‍ച്ച; റഷ്യന്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്






































