തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. ബാങ്കിൽ നിന്ന് ലോൺ എടുത്ത എല്ലാവരുടെയും മൊഴി എടുക്കും. ഇതിനുള്ള നടപടികൾ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം ആരംഭിച്ചു. പ്രതി ചേർത്ത ഭരണസമിതി അംഗങ്ങൾക്കെതിരെ കൂടുതൽ തെളിവ് ശേഖരിക്കുന്നതിനും വ്യാജ ലോണുകൾ കണ്ടെത്തുന്നതിനുമാണ് നടപടി.
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്ത മുഴുവൻ ആളുകളുടെയും മൊഴികൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ലോണുമായി ബന്ധപ്പെട്ട് ബാങ്കിലുള്ള രേഖകളും ലോൺ എടുത്ത വ്യക്തിയുടെ കയ്യിലുള്ള രേഖകളും പരിശോധിക്കും. എല്ലാ രേഖകളും പരിശോധിക്കുന്നതോടെ ഉടമ അറിയാതെ കൂടുതൽ ലോൺ എടുത്തിട്ടുണ്ടോ എന്നത് വ്യക്തമാകുമെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. വ്യാജ ലോണുകളുടെ വ്യാപ്തി കണ്ടെത്തുന്നതോടെ കൂടുതൽ തട്ടിപ്പുകൾ പുറത്ത് വന്നേക്കാം. ഇതോടെ പ്രതി ചേർത്ത ഭരണസമിതി അംഗങ്ങൾക്കെതിരായ കുരുക്ക് മുറുകും.
ലോൺ അനുവദിച്ച രേഖകളിൽ ഭരണ സമിതി അംഗങ്ങൾ ഒപ്പിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്താവും 12 ഭരണസമിതി അംഗങ്ങൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. തെളിവുകൾ ശേഖരിച്ച ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കൂ. അതേസമയം, കേസിലെ അഞ്ചാം പ്രതി കിരണിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾ ഇപ്പോഴും ഒളിവിലാണ്.
Also Read: സ്കൂൾ തുറക്കൽ വൈകും; സുപ്രീം കോടതി വിധി നിർണായകമെന്ന് വിദ്യാഭ്യാസ മന്ത്രി







































