തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇതേ തുടർന്ന് അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 15ആം തീയതി വരെ ശക്തമായ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ന് മുതൽ വടക്കൻ കേരളത്തിൽ ശക്തമായ മഴ ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടർന്ന് 14, 15 തീയതികളിൽ സംസ്ഥാനമൊട്ടാകെ കനത്ത മഴ ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിങ്കളാഴ്ച 7 ജില്ലകളിലും ചൊവ്വാഴ്ച 12 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്.
നിലവിൽ ന്യൂനമർദ്ദത്തിന്റെ വികാസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മൽസ്യ തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് ഇതുവരെ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
Read also: നിപ വൈറസിന് ദക്ഷിണേന്ത്യൻ വകഭേദം; രോഗവാഹകരായ വവ്വാലുകൾ വിവിധ ജില്ലകളിൽ







































