കാസർഗോഡ്: തിമിരടുക്കയിൽ നിന്ന് പത്തംഗ സംഘം തട്ടികൊണ്ടുപോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 21 വയസുകാരനായ അബ്‌ദുൾ റഹ്‌മാനെയാണ് സംഘം വഴിയിൽ ഉപേക്ഷിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ബഷീർ, നൗഷാദ് എന്നിവരാണ് അറസ്‌റ്റിലായത്. നൗഷാദിന്റെ വീടിന്റെ ചില്ല് പൊട്ടിച്ച സംഭവത്തിൽ അബ്‌ദുൾ റഹ്‌മാന് പങ്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ഇതേ തുടർന്നാണ് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്. അതേസമയം, മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് അബ്‌ദുൾ റഹ്‌മാനെ കാറിലെത്തിയ ഒരു സംഘം ആളുകൾ ആക്രമിച്ചത്. ഇരുമ്പു ദണ്ഡും കത്തിയും ഉൾപ്പടെയുള്ള ആയുധങ്ങളുമായാണ് സംഘം വീട്ടിലെത്തിയത്.
തുടർന്ന്, യുവാവിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ക്രൂരമായി ആക്രമിച്ചു. ശേഷം കാറിലേക്ക് കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ആക്രമണം തടയാൻ ചെന്ന അബ്‌ദുൾ റഹ്‌മാന്റെ മാതാവിനും പരിക്കുണ്ട്. അബ്‌ദുൾ റഹ്‌മാൻ ഇപ്പോൾ മംഗൽപാടിയിലെ ആശുപത്രിയിൽ ചികിൽസയിലാണ്. അതേസമയം, അറസ്‌റ്റിലായ പ്രതികളെ ചോദ്യം ചെയ്‌ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്ന് പോലീസ് പറഞ്ഞു.
Read Also: രാജ്യത്ത് കയറ്റുമതി രംഗത്ത് മുന്നേറ്റം; വ്യാപാരക്കമ്മിയും ഉയർന്നു







































