കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുടെ ഉപരി പഠനം പ്രതിസന്ധിയിൽ. കോവിഡ് കാരണം പരീക്ഷ എഴുതാൻ സാധിക്കാതായതോടെയാണ് വിദ്യാർഥികൾ പ്രതിസന്ധിയിലായത്. പല സ്‌ഥലങ്ങളിലും പിജി, ബിഎഡ് പ്രവേശന നടപടികൾ പൂർത്തിയാകാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ, യൂണിവേഴ്‌സിറ്റിയിൽ നിന്ന് അനുകൂല മറുപടി ഇല്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്.
പരീക്ഷ എഴുതാൻ പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചെങ്കിലും ഇത് നടപ്പിലായില്ലെന്ന് ആക്ഷേപം ഉണ്ട്. നേരത്തെ, കോവിഡ് ബാധിതരായവർ പിപിഇ കിറ്റ് ധരിച്ച് പ്രത്യേക മുറിയിൽ ഇരുത്തി പരീക്ഷ എഴുതിപ്പിക്കുമെന്നും, വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് തടസം വരാത്ത രീതിയിൽ പ്രത്യേക പരീക്ഷ നടത്തുമെന്നും സർവകലാശാല ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഈ വാദങ്ങളെല്ലാം സർവകലാശാല ഇപ്പാൾ തള്ളുകയാണ്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ തന്നെ ബിഎഡ് പ്രവേശനത്തിന് ഉള്ള അപേക്ഷ നൽകാനുള്ള അവസാന തീയതി ഈ മാസം 21 ആണ്. എന്നാൽ, ഇതിനിടയ്‌ക്ക് പരീക്ഷ നടത്തുമെന്നത് പ്രായോഗികമല്ല. അതിനാൽ ഈ വർഷം അധ്യയനം മുടങ്ങുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. അതേസമയം, മറ്റ് സർവകലാശാലകളുടെ പിജി അഡ്‌മിഷനും 15,18,21 തീയതികളിൽ അവസാനിക്കും. യുദ്ധകാലാടിസ്‌ഥാനത്തിൽ പരീക്ഷകൾ പൂർത്തിയാക്കി തുടർ പഠനം സാധ്യമാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സ്വയംഭരണ കോളേജുകളിൽ അപേക്ഷ നൽകേണ്ട അവസാന തീയതി 18 ആണ്. സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പ്ളാസ്‌റ്റിക് എൻജിനിയറിങ് ടെക്‌നോളജി റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടിട്ടും മാർക്ക് ലിസ്‌റ്റ് ലഭ്യമാകാത്തതിനാൽ പല വിദ്യർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോലും സാധിക്കുന്നില്ലെന്ന പരാതിയും ഉണ്ട്. അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാർഥികൾ നിവേദനം നൽകിയിട്ടുണ്ട്.
Read Also: രോഗബാധ 22,182, പോസിറ്റിവിറ്റി 18.26%, മരണം 178







































