അനൂപ് മേനോനെയും പ്രകാശ് രാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന ‘വരാൽ’ ആനുകാലിക രാഷ്‌ട്രീയമാണ് ചർച്ചചെയ്യുന്നതെന്ന് പുതിയ പോസ്‌റ്റർ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സിനിമയുടെ പുതിയ പോസ്‌റ്ററിൽ ‘The politics of Gold’ എന്ന ക്യാപ്ഷൻ കണ്ടതോടെയാണ് ഇത്തരമൊരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നതെന്ന സൂചനക്ക് കാരണമായത്.
കുറച്ചുനാളുകളായി കേരള രാഷ്‌ട്രീയത്തിനെ അടിമുടി പിടിച്ചുകുലുക്കുന്ന സ്വർണകടത്തിലെ ചിലപേരുകളെയും ഒരു രാഷ്‌ട്രീയ പ്രസ്‌ഥാനത്തിനെയും ശുദ്ധീകരിക്കാനുള്ള ഒരു രാഷ്‌ട്രീയ സിനിമയാണ് ‘വരാൽ’ എന്നരീതിയിലുള്ള ചർച്ചയും ഉയർന്നുകഴിഞ്ഞു. അങ്ങിനെയാണെന്നോ അല്ലെന്നോ സംവിധായകൻ വെളിപ്പെടുത്തുന്നുമില്ല. അത് കൂടുതൽ ദുരൂഹതക്ക് കാരണമാകുന്നുണ്ട്. മാത്രവുമല്ല. വരാലിന്റേതായി പുറത്തിറങ്ങിയ പുതിയ പോസ്‌റ്ററിലെ അനൂപ് മേനോന്റെ പ്രത്യേക ലുക്കും ‘വരാൽ’ സമകാലിക പൊളിറ്റിക്കൽ ത്രില്ലർ ആണെന്ന സൂചനയാണ് നൽകുന്നത്.
സണ്ണി വെയ്‌ൻ, സായ്‌കുമാർ, രഞ്‌ജി പണിക്കർ, സുരേഷ് കൃഷണ, ശങ്കർ രാമകൃഷ്‌ണൻ, മേഘനാഥൻ, ഇർഷാദ്, ഹരീഷ് പേരടി, സെന്തിൽ കൃഷണ, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മനുരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, പൊലീസുദ്യോഗസ്‌ഥനായ എസിപി ലാൽജി, ഹണി റോസ്, ഗൗരി നന്ദ, മാലാ പാർവതി എന്നിവർ ഉൾപെടുന്ന ചിത്രത്തിലെ താരനിരയും ‘വരാൽ’ സമകാലിക ‘ഗോൾഡ് പൊളിറ്റിക്‌സ്’ ആണ് ചർച്ച ചെയ്യുന്നതെന്ന സൂചനക്ക് അടിവരയിടുന്നു. ടൈം ആഡ്‌സ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ പിഎ സെബാസ്‌റ്റ്യനാണ് ചിത്രം നിർമിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ് സിനിമക്ക് തിരക്കഥ ഒരുക്കുന്നത്.
പ്രമുഖ സിനിമാ പ്രൊജക്‌ട് ഡിസൈനറും നിർമാതാവുമായ എൻഎം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്‌ട് ഡിസൈനർ. പ്രൊജക്‌ട് കോർഡിനേറ്റർ: അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രൻ, ചിത്രസംയോജനം: അയൂബ് ഖാൻ, സംഗീതം: നിനോയ് വർഗീസ്, ബിജിഎം: ജേക്‌സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ: അമൃത മോഹൻ എന്നിവരാണ്.
പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവുകളായി ഷെറിൻ സ്‌റ്റാൻലിയും, അഭിലാഷ് അർജുനനും ‘വരാൽ’ സിനിമക്ക് വർക് ചെയ്യുമ്പോൾ വസ്‌ത്രാലങ്കാരം അരുൺ മനോഹർ കൈകാര്യം ചെയ്യുന്നു. മേക്കപ്പ്: സജി കൊരട്ടി, ആർട്ട്: സഹസ് ബാല, ചീഫ് അസോ: കെജെ വിനയൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ; കെആർ പ്രകാശ്, സ്‌റ്റിൽസ് – ഷാലു പെയ്യാട്, പിആർഒ – പി ശിവപ്രസാദ്, സുനിത സുനിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കൊച്ചി, തിരുവനന്തപുരം, കുട്ടിക്കാനം ലൊക്കേഷനുകളിലായി ‘വരാൽ’ ചിത്രീകരണം പുരോഗമിക്കുന്നു.
Most Read: പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി