ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘ഉറുമ്പുകൾ ഉറങ്ങാറില്ല’ തമിഴ് റീമേക്കിന് ഒരുങ്ങുന്നു. ജിജു അശോകന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ചിരുന്നു.
ജിജു അശോകൻ തന്നെയാണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്. ജിജു തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാകുമിത്. കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ അഭിനേതാക്കൾ, ക്രൂ സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്ന് പ്രൊഡക്ഷൻ ടീം അറിയിച്ചു. ഗന്ധർവ്വൻ കോട്ടൈ, ആൾവാർ കുറിച്ചി, അളകാപുരം, അംബാസമുദ്രം എന്നിവടങ്ങളിലായി ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
അതേസമയം ദേവ് മോഹൻ നായകനാകുന്ന ‘പുള്ളി’ ആണ് ജിജു അശോകന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. എഎഎആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലവൻ, കുശൻ, കമലം ഫിലിംസിന്റെ ബാനറിൽ ടിബി രഘുനാഥൻ എന്നിവർ സംയുക്‌തമായാണ് ഈ ചിത്രം നിർമിക്കുന്നത്.
Most Read: കാല്‍ വിണ്ടുകീറുന്നത് ഒഴിവാക്കാം; വീട്ടില്‍ പരീക്ഷിക്കാന്‍ ആറുമാര്‍ഗങ്ങള്‍ ഇതാ








































