ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി കാനഡ. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സെപ്‌റ്റംബർ 26 വരെയായിരുന്നു വിലക്ക്.
വിലക്ക് പിൻവലിച്ച സാഹചര്യത്തിൽ വിമാന സർവീസുകൾ സെപ്‌റ്റംബർ 27 മുതൽ പുനഃരാരംഭിക്കാനാകും. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഇനി കാനഡയിലേക്ക് സഞ്ചരിക്കാം. അംഗീകൃത ലബോറട്ടറിയിലാണ് കോവിഡ് പരിശോധന നടത്തേണ്ടത്.
ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾ ഫെബ്രുവരി 27ന് പുനരാരംഭിക്കുമെന്ന് കാനഡ സർക്കാർ വ്യക്‌തമാക്കി. ഇന്ത്യയിൽ നിന്നുള്ള എയർ കാനഡയിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ സെപ്‌റ്റംബർ 27ന് പുനഃരാരംഭിക്കും. എന്നാൽ, കാനഡയിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ സെപ്‌റ്റംബർ 30ന് മാത്രമേ പുനഃരാരംഭിക്കൂ.
നേരിട്ടുള്ള വിമാനങ്ങളിൽ സഞ്ചരിക്കുന്നവർ ഡെൽഹിയിലെ ജെനസ്‌ട്രിങ്‌സ് ലബോറട്ടറിയിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവള മെട്രോ സ്‌റ്റേഷന് മുകളിലുള്ള എയർപോർട് കണക്‌ട് ബിൽഡിങ്ങിലാണ് ജെനസ്‌ട്രിങ്‌സ് ലബോറട്ടറി. 18 മണിക്കൂറിനുള്ളിൽ നടത്തിയ ഫലമാണ് വേണ്ടത്.
പരിശോധനാഫലം വിമാനത്തിൽ കയറുന്നതിന് മുൻപ് വിമാനക്കമ്പനി അധികൃതരെ കാണിക്കണം. മുൻപ് കോവിഡ് ബാധിച്ചവർക്ക് രാജ്യത്തെ ഏത് സർട്ടിഫൈഡ് ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാ ഫലവും കാണിക്കാം. ഈ മാനദണ്ഡം പാലിക്കാൻ കഴിയാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കുന്നതല്ല.
നേരിട്ടുള്ള വിമാനങ്ങളിൽ അല്ലാതെ യാത്ര ചെയ്യുന്നവർ മൂന്നാമത്തെ രാജ്യത്തുനിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കിടെ കോവിഡ് ബാധിക്കുന്നവരെ പ്രാദേശിക നിയന്ത്രണങ്ങൾ അനുസരിച്ച് ക്വാറന്റെയ്‌നിൽ പ്രവേശിപ്പിക്കുകയോ തിരിച്ചയക്കുകയോ ചെയ്യുമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: കാലാവസ്‌ഥ മോശം; സംസ്‌ഥാനത്ത് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു