വയനാട്: ജില്ലയിലെ കാപ്പി ചെടികളിൽ ആജ്‌ഞാത രോഗം പടരുന്നു. പനമരം, മാനന്തവാടി മേഖലകളിലെ കാപ്പി ചെടികളിലാണ് ഫംഗസ് രോഗബാധ പടരുന്നത്. ഇലകൾ വാടി മൂപ്പെത്താത്ത കാപ്പിക്കുരുകൾ പഴുത്ത നിറത്തിലായി ഉണങ്ങിക്കരിഞ്ഞ് കൊഴുഞ്ഞു പോവുകയാണ് ചെയ്യുന്നത്. ഇതുമൂലം ജില്ലയിലെ നിരവധി കാപ്പി കർഷകരാണ് പ്രതിസന്ധിയിലായത്.
പനമരം, മാനന്തവാടി മേഖലകളിലെ കൃഷിയിടങ്ങളിലാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. കൃഷിവകുപ്പ് ഉദ്യോഗസ്‌ഥരും കോഫി ബോർഡ് അധികൃതരും തോട്ടങ്ങളിലെത്തി പരിശോധന നടത്തിയിരുന്നു. ഫംഗസ് ബാധയാണ് രോഗത്തിന് കാരണമെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ, രോഗത്തിന്റെ പേരും മറ്റ് വിവരങ്ങളും വ്യക്‌തമായില്ലെന്ന് പരിശോധനാ സംഘം അറിയിച്ചു.
അതേസമയം, പാകമാകും മുൻപേ കാപ്പിക്കുരു ഉണങ്ങിപ്പോകുന്നത് കർഷകരെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. ഇത് കാപ്പിക്കുരു വിളവെടുപ്പിന് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് കർഷകർ. വിദഗ്‌ധർ നിർദ്ദേശിച്ച മരുന്നുകൾ പ്രയോഗിച്ചിട്ടും മറ്റ് ചെടികളിലേക്കും തോട്ടങ്ങളിലേക്കും രോഗം വ്യാപിപ്പിക്കുന്നുവെന്നാണ് കർഷകർ പറയുന്നത്. പരമ്പരാഗത കീടനാശിനികളും ഇവർ പ്രയോഗിക്കുന്നുണ്ട്. എന്നാൽ, രോഗവ്യാപനം തടയാൻ കഴിയുന്നില്ലെന്നും കർഷകർ പറഞ്ഞു.
Read Also: ‘മുഴുവന്‍ നഗരത്തെയും നിങ്ങൾ ശ്വാസം മുട്ടിച്ചു’; കർഷകരോട് സുപ്രീം കോടതി





































