കണ്ണൂർ: ജില്ലയിലെ പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിങ് സൊസൈറ്റി നടത്തുന്ന ചിട്ടിയിൽ കോടികളുടെ ക്രമക്കേട് നടന്നതായി ആരോപണം. 2000 രൂപ വീതം 50 മാസം അടയ്‌ക്കേണ്ട ഒരുലക്ഷം രൂപയുടെ ചിട്ടി പൂർത്തിയായിട്ടും നിക്ഷേപകരിൽ പലർക്കും പണം കിട്ടിയില്ലെന്നാണ് പരാതി ഉയരുന്നത്. 2017ൽ ആരംഭിച്ച ചിട്ടി 2021 ഓഗസ്‌റ്റ് 15ന് അവസാനിച്ചിരുന്നു. ഇനിയും 350 ലധികം പേർക്ക് പണം കിട്ടാനുണ്ടെന്നാണ് പരാതി. ഇതേ തുടർന്ന് ഇന്നലെയാണ് നിക്ഷേപകർ കൂട്ടത്തോടെ ബാങ്ക് ഉപരോധിച്ചത്.
ഏതാനും ദിവസം മുൻപ് ബാങ്കിലെത്തിയ നിക്ഷേപകരോട് സെപ്റ്റംബർ 30ന് പണം നൽകാമെന്ന വ്യവസ്‌ഥ ബാങ്ക് അധികൃതർ മുന്നോട്ടു വെച്ചിരുന്നു. എന്നാൽ, ബാങ്ക് പറഞ്ഞ കാലാവധിക്കും പണം നൽകാത്തതിനെ തുടർന്നാണ് നിക്ഷേപകർ പ്രതിഷേധവുമായി ബാങ്കിൽ എത്തിയത്. മൂന്ന് കോടിയോളം രൂപയുടെ ബാധ്യതയാണ് ഉണ്ടായിട്ടുള്ളതെന്നാണ് പ്രാഥമിക വിവരം. നിലവിൽ ഇടതുപക്ഷ ഭരണസമിതിയുടെ നേതൃത്വത്തിലാണ് ബാങ്ക് പ്രവൃത്തിക്കുന്നത്. പണം ലഭിക്കാതെ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് നിക്ഷേപകർ.
700 ഓളം നിക്ഷേപകരായിരുന്നു ചിട്ടിയിൽ ഉണ്ടായിരുന്നത്. നറുക്ക് വീണാൽ നിക്ഷേപകർക്ക് പണം അടയ്‌ക്കേണ്ട എന്നായിരുന്നു ചിട്ടിയുടെ വ്യവസ്‌ഥ. ഇതനുസരിച്ച് നറുക്ക് വീണ ചിലർക്ക് പണം ലഭിക്കുകയും ചെയ്‌തിരുന്നു. പണം ലഭിക്കാതായതോടെ ഇടപാടുകാർ പേരാവൂർ എസ്‌എച്ച്ഒക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം, പണം നൽകാൻ ഇനിയും ആറുമാസം കൂടി അവധി വേണമെന്നാണ് ബാങ്ക് അധികൃതർ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് ഇന്ന് ബാങ്ക് ഭരണസമിതി സെക്രട്ടറിയും നിക്ഷേപകരും പോലീസിന്റ സാനിധ്യത്തിൽ ചർച്ച നടത്തും.
Read Also: ലേഖനങ്ങള്‍ കമ്യൂണിസ്‌റ്റ്- മാവോയിസ്‌റ്റ് അനുകൂലം; സിദ്ദീഖ് കാപ്പനെതിരെ കുറ്റപത്രം





































