ലേഖനങ്ങള്‍ കമ്യൂണിസ്‌റ്റ്- മാവോയിസ്‌റ്റ് അനുകൂലം; സിദ്ദീഖ് കാപ്പനെതിരെ കുറ്റപത്രം

By Syndicated , Malabar News
kappan_UAPA
Ajwa Travels

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്‌റ്റിലായ മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ യുപി പോലീസിന്റെ കുറ്റപത്രം. ഉത്തരവാദപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകനെപ്പോലെ ആയിരുന്നില്ല സിദ്ദീഖ് കാപ്പൻ പെരുമാറിയത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

“സിദ്ദീഖ് കാപ്പന്റേതായി പുറത്തു വന്നിട്ടുള്ള പല ലേഖനങ്ങളും മുസ്‌ലിം വികാരത്തെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഉള്ളതാണ്. കമ്യൂണിസ്‌റ്റ്- മാവോയിസ്‌റ്റ് അനുകൂല ലേഖനങ്ങളും കാപ്പൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്”- കുറ്റപത്രത്തില്‍ പറയുന്നു.

കാപ്പന്‍ മലയാളത്തില്‍ എഴുതിയ 36 ലേഖനങ്ങളിലെ പ്രസക്‌തഭാഗങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ്, പൗരത്വ നിയമ ഭേദഗതി, ഡെല്‍ഹി കലാപം, അയോധ്യയിലെ രാമക്ഷേത്രം എന്നിവയെ സംബന്ധിച്ച ലേഖനങ്ങളുടെ ഭാഗങ്ങളാണ് ഉൾപ്പെടുത്തിയത്. രാജ്യദ്രോഹകേസില്‍ അറസ്‍റ്റിലായ ഷര്‍ജീല്‍ ഇമാമിനെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ കാര്യവും പരാമര്‍ശിച്ചിട്ടുണ്ട്. കാപ്പനെതിരെ 5000 പേജ് വരുന്ന കുറ്റപത്രമാണ് യുപി പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്.

ഹത്രസില്‍ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്താൻ കാപ്പനും അറസ്‌റ്റിലായ റഹ്‌മാനും ശ്രമിച്ചുവെന്നത് രണ്ട് ദൃക്‌സാക്ഷികള്‍ സമ്മതിച്ചിട്ടുണ്ടെന്നും യുപി പോലീസ് കോടതിയിൽ പറഞ്ഞു. അതേസമയം ഹത്രസ് സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് കാപ്പനെ യുപി പോലീസ് അറസ്‌റ്റ് ചെയ്യുന്നതെന്നും ഹാത്രസിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തതെന്നും കാപ്പന്റെ അഭിഭാഷകൻ വാദിച്ചു.

കഴിഞ്ഞ വർഷം ഒക്‌ടോബർ 5ന്, ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് റിപ്പോർട് തയ്യാറാക്കാനുള്ള യാത്രയിലാണ് സിദ്ദീഖ് കാപ്പൻ യുപി പോലീസിന്റെ പിടിയിലായത്. സിആർപിസി 164 പ്രകാരം സമാധാന അന്തരീക്ഷം തകർക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്‌റ്റ്. ഇതിന് ശേഷമാണ് മറ്റൊരു എഫ്‌ഐആറിൽ യുഎപിഎയും രാജ്യദ്രോഹവും ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയത്.

അതേസമയം, കാപ്പന് മേൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്താനാകില്ലെന്ന് കോടതി മഥുര പറഞ്ഞിരുന്നു. ഹത്രസിലെ സമാധാന അന്തരീക്ഷം തകർക്കാൻ കാപ്പൻ ശ്രമിച്ചതിന് തെളിവില്ലെന്നും ഈ കുറ്റത്തിൻമേലുള്ള നടപടികൾ അവസാനിപ്പിക്കണമെന്നും മഥുര കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, യുഎപിഎ, രാജ്യദ്രോഹം വകുപ്പുകൾ ഒഴിവാക്കിയിട്ടില്ല.

Read also: ‘മുഴുവന്‍ നഗരത്തെയും നിങ്ങൾ ശ്വാസം മുട്ടിച്ചു’; കർഷകരോട് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE