ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച ടിവികെ അധ്യക്ഷൻ വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്‌ച നടത്തി. മൂന്നുമണിയോടെ ആയിരുന്നു കൂടിക്കാഴ്‌ച. സർക്കാർ രൂപീകരിക്കാൻ വിജയി അവകാശവാദം ഉന്നയിച്ചു.
കന്നിയങ്കത്തിൽ തന്നെ 234 അംഗ നിയമസഭയിൽ 107 സീറ്റുകളാണ് ടിവികെ നേടിയത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റാണ് വേണ്ടത്. കേവല ഭൂരിപക്ഷം തികയ്‌ക്കാൻ ടിവികെയ്‌ക്ക് 11 എംഎൽഎമാരുടെ പിന്തുണ വേണം. നിലവിൽ കോൺഗ്രസ് മാത്രമാണ് ടിവികെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ച് സീറ്റുകളുള്ള കോൺഗ്രസിന്റെ പിന്തുണ ലഭിച്ചാലും ആറുപേരുടെ പിന്തുണ കൂടി വേണം.
അതേസമയം, ഉപാധി വെച്ചാണ് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചത്. ഭരണഘടനയിൽ വിശ്വാസമില്ലാത്ത വർഗീയ ശക്‌തികളെ സഖ്യത്തിന് പുറത്തുനിർത്തുക എന്ന ഉപാധിയിൽ അധിഷ്‌ടിതമായാണ് ടിവികെയ്‌ക്ക് പിന്തുണ നൽകുന്നതെന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി വ്യക്‌തമാക്കി.
അതിനിടെ, പട്ടാളി മക്കൾ കടച്ചിയിലെ നാല് എംഎൽഎമാർ വിജയിയെ വീട്ടിലെത്തി കണ്ടതായും റിപ്പോർട്ടുകളുണ്ട്. ടിവികെയ്‌ക്ക് പിന്തുണ നൽകണമോ എന്നതിൽ തീരുമാനമെടുക്കാൻ മേയ് എട്ടുവരെ സമയം തരണമെന്ന് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഡിഎംകെയ്‌ക്ക് ഒപ്പം തന്നെ തുടരാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം.
Most Read| കാരാകുറുശ്ശിയിൽ വീട്ടുപറമ്പിൽ നിന്ന് ലഭിച്ച നിലമാങ്ങ കൗതുകമാകുന്നു







































