മുഖ്യമന്ത്രി ആര്? ചർച്ച തുടരുന്നു; 2021 ആവർത്തിക്കരുതെന്ന് മുതിർന്ന നേതാക്കൾ

ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം തേടാനും നിരീക്ഷകർ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് നാലരയ്‌ക്ക് ചർച്ച നടക്കും. ഇതിനായി ലീഗ് നേതാക്കളടക്കം തലസ്‌ഥാനത്തേക്ക് പുറപ്പെട്ടു.

By Senior Reporter, Malabar News
Kerala CM Debate
കെസി. വേണുഗോപാൽ, വിഡി. സതീശൻ, രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ ആര് മുഖ്യമന്ത്രി ആകണമെന്നുള്ള ചർച്ചകൾ തലസ്‌ഥാനത്ത് സജീവമായി തുടരുന്നു. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുൻഷിയും ഇവർക്കൊപ്പമുണ്ട്.

കെ. സുധാകരൻ, വിഎം. സുധീരൻ. കൊടിക്കുന്നിൽ സുരേഷ് തുടങ്ങി പ്രമുഖ നേതാക്കളുമായി നിരീക്ഷകർ കൂടിക്കാഴ്‌ച നടത്തി. പിജെ. കുര്യൻ, മാത്യു കുഴൽനാടൻ തുടങ്ങിയവരും തലസ്‌ഥാനത്ത് എത്തിയിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്തെത്തിയ നിരീക്ഷകർ മുതിർന്ന നേതാവ് എകെ. ആന്റണിയുമായി ഇന്ദിരാഭവനിൽ വെച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു.

അതേസമയം, ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം തേടാനും നിരീക്ഷകർ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് നാലരയ്‌ക്ക് ചർച്ച നടക്കും. ഇതിനായി ലീഗ് നേതാക്കളടക്കം തലസ്‌ഥാനത്തേക്ക് പുറപ്പെട്ടു. നേരത്തെ, വിഡി. സതീശന് മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ സാദിഖലിൽ ശിഹാബ് തങ്ങൾ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ചർച്ചയായതോടെ മയപ്പെടുത്തിയിരുന്നു.

അതിനിടെ, സതീശന് പിന്തുണയുമായി ലീഗ് നേതാവും എംഎൽഎയുമായ കെഎം ഷാജി രംഗത്തെത്തി. 2021ൽ ചെന്നിത്തലയെ പ്രതിപക്ഷ നേതൃ സ്‌ഥാനത്ത്‌ നിന്ന് മാറ്റിയ രീതി ആവർത്തിക്കരുതെന്നാണ് മുതിർന്ന നേതാക്കളുടെ നിർദ്ദേശം. മുഖ്യമന്ത്രിയായി ആരെ നിയമിച്ചാലും ബാക്കി ഉള്ളവരെ കൂടി ബോധ്യപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

അതിനിടെ, കെസി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ നിരീക്ഷകർക്ക് കത്ത് നൽകി. മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത ശേഷം മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തും. ഗ്രൂപ്പ് താൽപര്യങ്ങൾ നോക്കരുതെന്നും മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും രാഹുൽ ഗാന്ധി നിർദ്ദേശം നൽകിയിട്ടുണ്ട്.

നിരീക്ഷകർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് അന്തിമതീരുമാനം എടുക്കുക. നിരീക്ഷകർ തിരികെ ഡെൽഹിയിലെത്തി ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. ഞായറാഴ്‌ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടനാ ജനറൽ സെക്രട്ടറി കെസി. വേണുഗോപാലും രമേശ് ചെന്നിത്തലയും നടത്തുന്ന ചരടുവലികൾ നേതൃത്വത്തെ കുഴപ്പത്തിലാക്കുന്നുണ്ട്. എല്ലാവരെയും തൃപ്‌തിപ്പെടുത്തിക്കൊണ്ട് ഹൈക്കമാൻഡിന് ഒരു അന്തിമ തീരുമാനം എടുക്കേണ്ടതായി വരും.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE