കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്‌റ്റന്റ് (പിഎ) ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽ വെച്ചാണ് ഇന്നലെ രാത്രി കൊലപാതകം നടന്നത്.
ഡ്രൈവർക്ക് സമീപം മുൻസീറ്റിലിരുന്ന് കാറിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥ് രഥിനുനേരെ ഇരുചക്ര വാഹനങ്ങളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ രഥിനെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രഥിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിൽസയിലാണ്.
രഥിന്റെ നെഞ്ചിൽ ഒന്നിലധികം വെടിയേറ്റിട്ടുണ്ട്. വയറ്റിലും വെടിയേറ്റിരുന്നു. അക്രമികൾ രഥിന്റെ കാറിനെ പിന്തുടർന്ന് തടയുകയും കാറിന്റെ വിൻഡോയിലൂടെ എതിർവശത്ത് നിന്ന് വെടിയുതിർക്കുകയും പിന്നാലെ ഇവർ സംഭവ സ്‌ഥലത്തുനിന്ന് രക്ഷപ്പെടുകയും ആയിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ സംഭവ സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബംഗാളിലെ ബിജെപിയുടെ ചരിത്രപരമായ വിജയത്തിന് പിന്നാലെയാണ് രാഷ്‌ട്രീയ വൃത്തങ്ങളിൽ ഞെട്ടലുളവാക്കിയ കൊലപാതകം നടന്നത്. ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്താൻ ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ച ദിവസം തന്നെയാണ് കൊലപാതകം നടന്നത്.
ഭവാനിപൂർ മണ്ഡലത്തിൽ മമത ബാനർജിയെ 15,000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയ അധികാരി, മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ഏറ്റവും മുൻപന്തിയിലുള്ള ആളാണ്. അതേസമയം, ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിൽ അപലപിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ തൃണമൂൽ ആവശ്യപ്പെട്ടു.
Most Read| സമാധാന കരാറിലേക്ക്? ആവശ്യങ്ങൾ അംഗീകരിച്ചാൽ ഉപരോധം നീക്കാമെന്ന് യുഎസ്





































