കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ഒബിസി സംവരണം റദ്ദാക്കി മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്‌ഥാനത്ത് മതപരമായ വേർതിരിവുകളുടെ അടിസ്‌ഥാനത്തിൽ നൽകിവരുന്ന എല്ലാ സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും ജൂൺ മാസം മുതൽ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു.
കൊൽക്കത്ത ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് ഈ സുപ്രധാന നയമാറ്റം സർക്കാർ നടപ്പിലാക്കുന്നത്. ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്‌സ്, ന്യൂനപക്ഷ കാര്യ-മദ്രസ വിദ്യാഭ്യാസ വകുപ്പുകൾ മുഖേന നടപ്പിലാക്കിയിരുന്ന പദ്ധതികളാണ് ഇതോടെ അവസാനിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്‌ഞാപനം സർക്കാർ ഉടൻ പുറത്തിറക്കും.
മുൻ മമത ബാനർജി സർക്കാരിന്റെ കാലത്ത് 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതിയുടെ 2024ലെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ നൽകിയിരുന്ന ഹരജി പുതിയ സർക്കാർ ഔദ്യോഗികമായി പിൻവലിച്ചു. ഇതിന് പിന്നാലെയാണ് ഒബിസി പട്ടിക പൂർണമായി റദ്ദാക്കിയത്.
പുതിയ സാഹചര്യത്തിൽ ഒബിസി സംവരണത്തിനുള്ള യോഗ്യതയും മാനദണ്ഡങ്ങളും ശാസ്‌ത്രീയമായി നിശ്‌ചയിക്കുന്നതിനായി ഒരു പ്രത്യേക പാനൽ രൂപീകരിക്കുമെന്നും സർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്. 2011ൽ തൃണമൂൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിതരണം ചെയ്‌ത 1.69 കോടിയോളം വരുന്ന എസ്‌സി, എസ്‌ടി, ഒബിസി സർട്ടിഫിക്കറ്റുകൾ വീണ്ടും പരിശോധിക്കാനും പുതിയ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു



































