കണ്ണൂർ: കണ്ണവത്ത് എസ്‌ഐക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്തതായി പോലീസ്. ചിറ്റാരിപ്പറമ്പിലെ 20 സിപിഎം പ്രവർത്തകർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കൈയ്യേറ്റം ചെയ്‌തതിനുമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കണ്ണവം പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ബഷീറിനെയാണ് ഇരുപത് പേർ അടങ്ങിയ സംഘം കൈയ്യേറ്റം ചെയ്‌തത്. കോട്ടയിൽ ഭാഗത്തുവെച്ച് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. പ്രതികളെ പിടികൂടിയിട്ടില്ല.
സ്‌പെഷ്യൽ ഡ്രൈവ് ചെയ്‌ത് തിരികെ വരികയായിരുന്ന എസ്‌ഐക്ക് നേരെയാണ് ഒരു സംഘം ആളുകളുടെ ആക്രമണം ഉണ്ടായത്. ചിറ്റാരിപ്പറമ്പ് ഭാഗത്ത് നിന്ന് കോട്ടയിൽ ഭാഗത്തേക്ക് വന്ന പോലീസ് ജീപ്പ് കണ്ട് റോഡരികിൽ കൂടിനിന്ന 25ഓളം പേർ ഓടിപ്പോയത് എസ്ഐയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന്, സംഘത്തിലെ ഒരാളുടെ വാഹനം കസ്‌റ്റഡിയിൽ എടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റാൻ നോക്കിയ സമയത്താണ് എസ്‌ഐക്ക് നേരെ സംഘത്തിന്റെ ആക്രമണം ഉണ്ടായത്.
പിടിച്ചെടുത്ത വാഹനം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുന്നതിനിടെ സംഘം തിരിച്ചെത്തുകയും വാഹനം കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞ് എസ്ഐയുടെ കൈ പിടിച്ചു തിരിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് എസ്‌ഐക്ക് നേരെ കൂടുതൽ ആക്രമങ്ങൾ ഉണ്ടായതോടെ സിഐ ശിവൻ ചോടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്‌ഥലത്തെത്തിയാണ് പ്രശ്‌നക്കാരെ നീക്കിയത്.
Most Read: ചിട്ടിപ്പണം തട്ടിപ്പ്; സൊസൈറ്റിയിൽ നിന്ന് അർധരാത്രി ഫയലുകൾ കടത്താൻ ശ്രമം



































