പേരാവൂർ: ചിട്ടിപ്പണം തട്ടിപ്പ് നടത്തിയ പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റി ഓഫിസിൽ നിന്ന് ഫയലുകൾ കടത്താൻ ശ്രമം. ഇന്നലെ രാത്രി 11 മണിയോടെയാണ് ബാങ്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഫയലുകൾ കടത്താനുള്ള ശ്രമം നടന്നത്. വിവരമറിഞ്ഞ് സ്‌ഥലത്ത് എത്തിയ പേരാവൂർ പോലീസ് സെക്രട്ടറി പിവി ഹരിദാസിനെ കസ്‌റ്റഡിയിൽ എടുത്തു. കടത്താൻ ശ്രമിച്ച ഫയലുകൾ അടങ്ങിയ ബാഗും പോലീസ് പിടികൂടി. അതേസമയം, പരാതി ഇല്ലാത്തതിനാൽ സെക്രട്ടറിയെ വിട്ടയച്ചു.
സൊസൈറ്റി ഭരണസമിതിയുടെ ഏതാനും പഴയ മിനുട്‌സ് ബുക്കുകളും മറ്റ് രേഖകളുമാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. കടത്താൻ ശ്രമിച്ച രേഖകളും സൊസൈറ്റിയുടെ താക്കോലും പോലീസ് ബാങ്കിലെ മറ്റൊരു സ്‌റ്റാഫിന്റെ കൈവശം സൂക്ഷിക്കാൻ നൽകി. തിങ്കളാഴ്‌ച പ്രവൃത്തി സമയത്ത് മാത്രമേ സൊസൈറ്റി തുറക്കാൻ പാടുള്ളുവെന്ന് പോലീസ് സ്‌റ്റാഫിന് നിർദ്ദേശം നൽകി. അനധികൃതമായി അർധരാത്രിയിൽ സൊസൈറ്റി തുറന്ന് രേഖകൾ കടത്തി കൊണ്ടുപോകാൻ സെക്രട്ടറി ശ്രമിച്ചതെന്നാണ് ഇടപാടുകാർ ആരോപിക്കുന്നത്.
അതേസമയം, ചിട്ടിപ്പണം ലഭിക്കാനുള്ളവർക്ക് ഈടായി സൊസൈറ്റി സെക്രട്ടറിയുടെ പുരയിടത്തിന്റെ രേഖ ഇടപാടുകാരുടെ പ്രതിനിധികൾക്ക് വിൽപന എഗ്രിമെന്റ് ചെയ്‌ത് നൽകാമെന്ന ധാരണയിൽ ഇടപാടുകാർ നടത്തിയ സമരം ഒത്തുതീർപ്പാക്കിയിരുന്നു. പോലീസുദ്യോഗസ്‌ഥർ, ഇടപാടുകാരുടെ പ്രതിനിധികൾ, സൊസൈറ്റി സെക്രട്ടറി, ജീവനക്കാർ എന്നിവരുമായി വെള്ളിയാഴ്‌ചയാണ് ചർച്ച നടത്തിയിരുന്നത്. ധാരണപ്രകാരം സൊസൈറ്റി സെക്രട്ടറിയുടെ പുരയിടത്തിന്റെ ആധാരം ഇടപാടുകാരുടെ പ്രതിനിധികൾക്ക് വിൽപന അവകാശമുള്ള രീതിയിൽ തിങ്കളാഴ്‌ച എഴുതിക്കൊടുക്കും.
Most Read: യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട; കെ മുരളീധരൻ എംപി