പാലക്കാട്: ആശുപത്രിയിൽ അതിക്രമം നടത്തിയ 3 പേരെ ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. നൂറണി പനങ്ങാട്ടു തെരുവ് സ്വദേശികളായ മൻസൂർ(40), അക്ബർ(41), സാദിഖ്(42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ വനിതാ ശിശു ആശുപത്രിയിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഉപകരണങ്ങൾ തകർക്കുകയും ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതികളിൽ ഒരാളുടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് അതിക്രമത്തിലേക്ക് നയിച്ചത്. കുട്ടിയെ അമ്മക്കൊപ്പം ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെയാണ് പ്രതികൾ അതിക്രമം നടത്തിയത്.
ജീവനക്കാരെ ഭീഷണിപ്പെടുത്തിയ പ്രതികൾ ഫാർമസിയുടെ ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. ഇൻസ്പെക്ടർ ഷിജു ഏബ്രഹാം, ഗ്രേഡ് എസ്ഐ വി ഷേണു, സീനിയർ സിപിഒ എം സുനിൽ, സിപിഒമാരായ എച്ച് ഷാജഹാൻ, പി വിനോദ്, എസ് പീയുഷ്, വി സതീഷ്, പി ഷൈജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Read also: ഡോക്ടർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ






































