കോഴിക്കോട്: സ്വകാര്യ കമ്പനികളിൽ ജോലി നൽകാമെന്ന് പരസ്യം നൽകി പണം തട്ടുന്ന വ്യാജ റിക്രൂട്ടിങ് സംഘങ്ങൾ സജീവമാകുന്നതായി റിപ്പോർട്. ഇത്തരത്തിൽ സ്വകാര്യ വിമാന കമ്പനിയിൽ ജോലി ഒഴിവുണ്ടെന്ന് വാഗ്‌ദാനം നൽകി കോഴിക്കോട് ജില്ലയിലെ നിരവധി യുവാക്കളിൽ നിന്നാണ് സംഘം പണം തട്ടിയത്. കോഴിക്കോട് കക്കോടി സ്വദേശിയിൽ നിന്ന് ഇത്തരത്തിൽ വ്യാജ സംഘം പണം തട്ടിയെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കക്കോടി സ്വദേശിയായ യുവാവ് ദിവസങ്ങൾക്ക് മുമ്പാണ് ഇൻഡിഗോ എയർലൈൻസിൽ ജോലി ഒഴിവുണ്ടെന്ന പരസ്യം ഇന്റർനെറ്റിൽ കണ്ടത്. തുടർന്ന് പേരും മൊബൈൽ നമ്പറും നൽകി രജിസ്‌റ്റർ ചെയ്‌തു. മണിക്കൂറുകൾക്കുള്ളിൽ വിമാനക്കമ്പനി അധികൃതർ എന്ന വ്യാജേന ഒരാൾ യുവാവിനെ ഫോണിൽ ബന്ധപ്പെടുകയും തിരിച്ചറിയൽ രേഖകളും 1,600 രൂപയും ആവശ്യപ്പെടുകയും ചെയ്‌തു. ഇത് നൽകിയ യുവാവിന് എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലോഗോവച്ച് അടുത്തുള്ള വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്‌റ്റാഫായി ജോലിക്ക് എടുത്തെന്നും മാസം 22,000 രൂപ ശമ്പളം ഉണ്ടെന്നും അറിയിപ്പ് ലഭിച്ചു.
പിന്നീട്, യൂണിഫോമിനായി 3,000 രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് യുവാവിന് മനസിലായത്. തുടർന്ന് തട്ടിപ്പ് ചോദ്യം ചെയ്‌ത യുവാവിന് ഫോട്ടോയ്‌ക്ക് മുകളിൽ ക്രിമിനൽ ബാക്ക്ഗ്രൗണ്ട് എന്നെഴുതി സംഘം തിരിച്ചയച്ചതായും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു. ഇത്തരത്തിൽ ലോക്ക്‌ഡൗണിൽ ദുരിതത്തിലായ നിരവധി യുവാക്കൾക്ക് പണം നഷ്‌ടമായിട്ടുണ്ടെന്നും പലരും പരാതി നൽകാൻ തയ്യാറാകാത്തതാണ് അന്വേഷണത്തിന് തടസമാകുന്നതെന്നും പോലീസ് പറഞ്ഞു. അതേസമയം, പരസ്യം നൽകിയവരുമായി ഒരു ബന്ധവുമില്ലെന്ന് വിമാന കമ്പനി അധികൃതർ വ്യക്‌തമാക്കി.
Most Read: ലഖിംപൂർ ഖേരി; ദിവസങ്ങൾക്ക് ശേഷം ഇന്റർനെറ്റ് ബന്ധം പുനഃസ്‌ഥാപിച്ചു






































